'രണ്ടോ, മൂന്നോ സെക്കൻ്റ് ആ പാട്ടിൻ്റെ ക്രിയേറ്റേഴ്സിനായി മാറ്റിവയ്ക്കൂ, പാട്ടുകൾ പരസ്യങ്ങൾക്കിടയിലെ ഗ്യാപ്പ് ഫില്ലറുകളായി മാറി; ഗോപി സുന്ദർ
മുൻ കാലങ്ങളിലെ പോലെ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവരെകുറിച്ച് പറയാൻ രണ്ടോ, മൂന്നോ സെക്കൻ്റ് മാറ്റിവയ്ക്കൂ എന്ന് എഫ്എം റേഡിയോകളോട് അപേക്ഷയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇപ്പോൾ പാട്ടിനു മുൻപും പിൻപും വരുന്നത് മിക്കവാറും പരസ്യങ്ങളാണെന്നും പലപ്പോഴും പരസ്യത്തിന് ഇടയിലെ ഗ്യാപ് ഫില്ലറുകളായി പാട്ടുകൾ മാറുകയാണെന്നും ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ഗോപി സുന്ദർ പറഞ്ഞു. ഗോപി സുന്ദറിനെ അനുകൂലിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
ഗോപി സുന്ദറിന്റെ കുറിപ്പ്
പാട്ടുകളെ / ചലച്ചിത്രഗാനങ്ങളെ ആസ്വാദകരിലേക്കെത്തിക്കുന്നതിൽ വലിയൊരു പങ്കാണ് റേഡിയോ നിർവ്വഹിച്ചിട്ടുള്ളത്. ആദ്യം ആകാശവാണിയും ദേശീയ നിലയങ്ങളുമായിരുന്നു, പിന്നീട് ധാരാളം FM റേഡിയോകൾ വന്നു. പാട്ടുകളെ മാത്രമല്ല പാട്ടിൻ്റെ സൃഷ്ടാക്കളേയും നമ്മൾ അറിഞ്ഞത് ആകാശവാണിയിലൂടെയാണ്. വയലാറിൻ്റെ രചനയിൽ ദേവരാജൻ സംഗീതം ചെയ്ത് യേശുദാസ് പാടിയ .... സിനിമയിലെ ഗാനം എന്ന ആദ്യവാചകത്തോടുകൂടിയാണ് ഓരോ പാട്ടുകളും വന്നിരുന്നത് .ആ പാട്ടുകൾക്കൊപ്പം ഓരോ ഗാനസൃഷ്ടാക്കളുടെ പേരുകളേയും നമ്മൾ ഹൃദയത്തിലേക്ക് ചേർത്ത് വയ്ക്കുകയായിരുന്നു. ഇന്ന് എഫ് എം റേഡിയോകളിൽ പാട്ടുകൾ പ്ലേ ചെയ്യുന്നുണ്ട്. പക്ഷെ പാട്ടിനു മുൻപും പിൻപും വരുന്നത് മിക്കവാറും പരസ്യങ്ങളാണ്. എവിടേയും ക്രഡിറ്റ് പറയപ്പെടുന്നില്ല. ( പലപ്പോഴും രണ്ട് പരസ്യങ്ങൾക്കിടയിലെ ഗ്യാപ്പ് ഫില്ലറുകളായി പാട്ടുകൾ മാറിപ്പോവുന്നു) , ഒരു പാട്ടിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ പറയാൻ രണ്ടോ മൂന്നോ സെക്കൻ്റ് മാത്രം മതി!. അതിനുള്ള മനസ്സ് ഓരോ FM റേഡിയോകളും കാണിക്കേണ്ടതുണ്ട് .( ആകാശവാണി FM പോലുള്ള ചില റേഡിയോ കൾ സ്തുത്യർഹമായ രീതിയിൽ എന്നും അത് ചെയ്തുകൊണ്ടേയിരിക്കുന്നു. അവരെ നന്ദിപൂർവ്വം ഓർക്കുന്നു ) ഓരോ പാട്ടുകൾക്ക് മുൻപും ,നിങ്ങളുടെ വിലപ്പെട്ട സമയത്തിൽ നിന്ന് രണ്ടോ, മൂന്നോ സെക്കൻ്റ് ആ പാട്ടിൻ്റെ ക്രിയേറ്റേഴ്സിനായി മാറ്റിവയ്ക്കുക. അത് സംഗീത ലോകത്തോട് ചെയ്യുന്ന വലിയൊരു കാര്യമാകും, നീതിയാകും. ഇത് വിനീതമായ ഒരപേക്ഷയാണ്. പാട്ടിന് പിന്നിൽ പ്രവർത്തിക്കുന്ന ഓരോ ക്രിയേറ്ററുടേയും, പാട്ടിനെ ഹൃദയത്തിലേറ്റുന്ന ഓരോ ആസ്വാദകൻ്റേയും മനസ്സാണ്.