സംഗീതജ്ഞൻ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ അന്തരിച്ചു
മുംബൈ: ഇതിഹാസ സംഗീതജ്ഞനും സന്തൂർ വാദകനുമായ പണ്ഡിറ്റ് ശിവകുമാർ ശർമ്മ (84 വയസ്സ്) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹം ഡയാലിസസ് തുടരുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് മുംബൈയിൽ നടക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹം മുംബൈയിൽ വസതിയിൽ തന്നെയായിരുന്നു.
ജമ്മു കശ്മീരിൽ മാത്രം ഉപയോഗത്തിലിരുന്ന സന്തൂര്‍ എന്ന കുഞ്ഞൻ വാദ്യോപകരണത്തെ സിത്താറും, സരോദും പോലെ ഒരു ക്ലാസ്സിക്കൽ പദവിയിലേക്ക് ഉയര്‍ത്തിയ സംഗീതജ്ഞൻ എന്ന നിലയിലാണ് പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയെ ചരിത്രം അടയാളപ്പെടുത്തുന്നത്.
ജമ്മുവിൽ ജനിച്ച പണ്ഡിറ്റ് ശിവകുമാർ ശർമ്മ പതിമൂന്നാം വയസ്സിലാണ് സന്തൂർ പഠിക്കാൻ തുടങ്ങിയത്. 1955-ൽ മുംബൈയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പൊതുപ്രകടനം. 1956-ൽ പുറത്തിറങ്ങിയ ഝനക് ഝനക് പായൽ ബജെ എന്ന ചിത്രത്തിലെ ഒരു രംഗത്തിന് ശിവകുമാർ ശർമ്മ ഒരുക്കിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് വർഷത്തിന് ശേഷം ശിവകുമാര്‍ തന്റെ ആദ്യ സോളോ ആൽബം റെക്കോർഡ് ചെയ്തു.
പണ്ഡിറ്റ് ശിവകുമാര്‍, ഹരിപ്രസാദ് ചൗരസ്യ, ഗിറ്റാറിസ്റ്റ് ബ്രിജ് ഭൂഷൺ കബ്ര എന്നിവര്‍ ചേര്‍ന്ന് 1967-ൽ പുറത്തിറക്കിയ കോൾ ഓഫ് ദ വാലി എന്ന പ്രശസ്ത സംഗീത ആൽബം വലിയ ശ്രദ്ധ നേടിയിരുന്നു. ഹരിപ്രസാദ് ചൗരസ്യയ്‌ക്കൊപ്പം ചേര്‍ന്ന് നിരവധി സിനിമകൾക്കും അദ്ദേഹം സംഗീതം നൽകി. സിൽസില, ചാന്ദ്‌നി, ഡാർ എന്നീ ഹിന്ദി സിനിമകൾ ഇവയിൽ ചിലതാണ്.