ട്വിറ്ററിനെ വേറിട്ടു നിർത്തിയ ആ 'ഫീച്ചർ' മസ്ക് പൊളിച്ചെഴുതുന്നു
എലോൺ മസ്ക് ഔദ്യോഗികമായി ട്വിറ്ററിന്‍റെ ചുമതല ഏറ്റെടുത്തതോടെ, മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ ക്രമാനുഗതമായ നിരവധി മാറ്റങ്ങൾ പലരും പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, ടെസ്ല സിഇഒ തന്‍റെ ആദ്യ ദിവസം വലിയ മാറ്റങ്ങൾ വരുത്തി. സിഇഒ പരാഗ് അഗർവാൾ, ലീഗൽ പോളിസി മേധാവി വിജയ ഗഡ്ഡെ, സിഎഫ്ഒ നെൽ സെഹ്ഗൽ എന്നിവരെയാണ് ലോകകോടീശ്വരൻ ആദ്യം പുറത്താക്കിയത്. ഇനി മസ്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലാണ് മാറ്റങ്ങൾ വരുത്താൻ പോകുന്നത്. മറ്റ് സോഷ്യൽ മീഡിയകളിൽ നിന്ന് ട്വിറ്ററിനെ വേറിട്ടുനിർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം 'ട്വീറ്റുകൾ' ആണ്. നിലവിൽ 280 അക്ഷരങ്ങൾ മാത്രമേ ട്വീറ്റിൽ ഉൾപ്പെടുത്താൻ കഴിയൂ. ഇലോൺ മസ്ക് ഇപ്പോൾ ഈ അക്ഷര പരിമിതി ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നീണ്ട ട്വീറ്റുകൾ നൽകുന്നതിൽ ട്വിറ്റർ വളരെ വൈകിയെന്നും അദ്ദേഹം പറഞ്ഞു. നിരവധി ട്വീറ്റുകളുടെ ത്രെഡായി ആളുകൾ നീണ്ട വിഷയങ്ങൾ പോസ്റ്റുചെയ്യുന്നുണ്ട്. ട്വിറ്റർ ത്രെഡ് സംവിധാനം ഉടൻ തന്നെ റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 140 അക്ഷരങ്ങൾ മാത്രമേ ട്വീറ്റുകളിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളൂ. 2017ൽ ഇത് 280 ആയി ഉയർത്തി.