ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം പണിയാൻ കോടികൾ വിലമതിക്കുന്ന ഭൂമി സൗജന്യമായി വിട്ടുനൽകി മുസ്ലിം കുടുംബം

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം പണിയാൻ കോടികൾ വിലമതിക്കുന്ന ഭൂമി സൗജന്യമായി സംഭാവന ചെയ്ത് മുസ്ലിം കുടുംബം.

ബിഹാറിലെ ഒരു വ്യവസായി കുടുംബമാണ് ക്ഷേത്രം പണിയാൻ ഭൂമി സൗജന്യമായി നൽകുന്നത്. കിഴക്കൻ ചമ്പാരൻ ജില്ലയിലെ കൈത്വാലിയ പ്രദേശത്താണ് ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ വിരാട് രാമായൺ മന്ദിർ പണിയുന്നത്. ഏതാണ്ട് 2.5 കോടി രൂപ വിലമതിക്കുന്ന ഭൂമിയാണ് മുസ്ലിം കുടുംബം സംഭാവന ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗുവാഹത്തി സ്വദേശിയായ കിഴക്കൻ ചമ്പാരനിൽ നിന്നുള്ള ഒരു വ്യവസായിയാണ് ഭൂമി സംഭാവന ചെയ്ത ഇഷ്തിയാഖ് അഹമ്മദ് ഖാൻ എന്ന് പട്‌ന ആസ്ഥാനമായുള്ള മഹാവീർ മന്ദിർ ട്രസ്റ്റ് മേധാവി ആചാര്യ കിഷോർ കുനാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇരു സമുദായങ്ങളും തമ്മിലുള്ള സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഖാനും കുടുംബവും നൽകിയ സംഭാവനയെന്ന് ആചാര്യ പറഞ്ഞു. മുസ്ലിങ്ങളുടെ സഹായമില്ലായിരുന്നെങ്കിൽ ഹിന്ദുക്കളുടെ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ പ്രയാസമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പോഡിയയിലെ ലോകപ്രശസ്തമായ അങ്കോർ വാട്ട് ക്ഷേത്ര സമുച്ചയത്തേക്കാൾ ഉയരത്തിലാണ് വിരാട് രാമായൺ മന്ദിർ പണിയാൻ ഒരുങ്ങുന്നത്. 215 അടി ഉയരമാണ് 12-ാം നൂറ്റാണ്ടിലെ ക്ഷേത്രത്തിനുള്ളത്. കിഴക്കൻ ചമ്പാരനിലെ സമുച്ചയത്തിൽ പടുകൂറ്റൻ ഗോപുരങ്ങളുളള 18 ക്ഷേത്രങ്ങളാണ് പണിയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗമാണ് അതിലെ ശിവക്ഷേത്രത്തിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

ഏകദേശം 500 കോടി രൂപയോളം നിർമാണച്ചെലവാണ് പ്രതീക്ഷിക്കുന്നത്. ന്യൂഡൽഹിയിലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദഗ്ധരിൽനിന്ന് ട്രസ്റ്റ് ഉപദേശങ്ങൾ സ്വീകരിക്കുമെന്ന് ആചാര്യ പറഞ്ഞു.

Related Posts