കെ എസ് ആർ ടി സി ഡിപ്പോകളിലെ മദ്യവിൽപ്പന; യൂത്ത് ലീഗ് പ്രതിഷേധ സമരം നടത്തി.

തൃശ്ശൂർ: കെ എസ് ആർ ടി സി ഡിപ്പോകളിൽ മദ്യവിൽപ്പന നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ തൃശ്ശൂർ കെ എസ് ആർ ടി സി ഡിപ്പോക്ക് മുന്നിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി പ്രതിഷേധ സമരം നടത്തി.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. മദ്യശാലകൾ വ്യാപിപ്പിക്കാനുള്ള നടപടികൾ സർക്കാർ ഉപേക്ഷിക്കണമെന്ന് അതുകൊണ്ട് ഉണ്ടാകുന്ന സാമൂഹിക പ്രത്യാഘാതം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.

സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ലിംഗ - പ്രായഭേദമന്യേ ഒരുമിച്ചു വരുന്ന സ്ഥലത്ത് മദ്യവിൽപ്പന കൊണ്ടുവരുന്നത് യാത്രക്കാരുടെ സുരക്ഷക്ക് വില കല്പിക്കാതെയാണെന്നും തമ്പാനൂരിലും കോഴിക്കോടും തിരുവല്ലയിലും അങ്കമാലിയിലും കോടികൾ മുടക്കി കെട്ടിപ്പൊക്കിയ ബസ് കോംപ്ലക്സുകൾ വരുത്തിവെക്കുന്ന ബാധ്യത മദ്യശാലയുടെ രൂപത്തിൽ സാധാരണ ജനങ്ങൾക്കുമേൽ കെട്ടിവെക്കരുതെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.

കൊവിഡ് കെടുതികളുടെ പശ്ചാത്തലത്തിൽ മദ്യ വിതരണവും ഉപയോഗവും കുറച്ചു കൊണ്ടുവരുന്നതിനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി എം അമീർ പറഞ്ഞു.

കെ എസ് ആർ ടി സിയുടെ പരമപ്രധാനമായ ലക്ഷ്യം ജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കി കൊടുക്കലാണ്. കെ എസ് ആർ ടി സി വരുമാനത്തിന്റെ 99 ശതമാനവും ടിക്കറ്റ് വരുമാനമാണ്. മെച്ചപ്പെട്ട യാത്ര സൗകര്യവും
പ്രാഥമികാവശ്യങ്ങൾ നിവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയാൽ തന്നെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നും അമീർ പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്‌ എ എം നൗഫൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട്‌ പി എ അബ്ദുൽ കരീം, ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ അസീസ് താണിപ്പാടം, എം എ റഷീദ്, പി കെ ഷാഹുൽ ഹമീദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ അഷ്‌കർ കുഴിങ്ങര, ബി വി കെ മുസ്തഫ തങ്ങൾ, പി ജെ ജെഫീക്ക്, ടി എ ഫഹദ്, ആർ വി ബക്കർ, അസീസ് മന്നലാംകുന്ന്, വി എസ് ഹസൈനാർ, അൻവർ മാമ്പ്ര, സി സുൽത്താൻ ബാബു, അൽത്താഫ് തങ്ങൾ, വി എം മനാഫ്, സുഹൈൽ തങ്ങൾ, കെ വൈ അഫ്സൽ യൂസഫ്, കെ എ ഫൈസൽ ഉദുവടി, എം കെ അബ്ദുൽ ഗനി, അലിയാർ കടലായി, സി എ അൻഷാദ് പാലപ്പിള്ളി, കെ എ തൻസീം, ടി ആർ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

Related Posts