ആരോഗ്യമുള്ള ഹൃദയം വേണോ? ദിവസവും 7000 അടിയെങ്കിലും നടക്കണം; അമേരിക്കൻ ഗവേഷകർ

ആരോഗ്യമുള്ള ഹൃദയത്തിന് മുതിർന്നവർ ദിവസവും കുറഞ്ഞത് 7000 അടിയെങ്കിലും നടക്കണമെന്ന് അമേരിക്കൻ ഗവേഷണ സംഘം. മുതിർന്ന പൗരന്മാരായ 2110 പേരിൽ 11 വർഷക്കാലം നടത്തിയ പഠനത്തിനു ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ശരാശരി 45 വയസ്സ് പ്രായമുള്ള കറുത്ത വംശജരും വെള്ളക്കാരുമായ മധ്യവയസ്കരിൽ നടത്തിയ പഠനം നടത്തത്തിൻ്റെ പ്രയോജനങ്ങളിലേക്ക് വെളിച്ചം വീശുന്നു.

7000 അടിയിൽ കൂടുതൽ ചുവടുവെയ്ക്കുന്നവരിൽ അങ്ങിനെ ചെയ്യാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത 50 മുതൽ 70 ശതമാനം വരെ കുറവാണെന്ന് ഗവേഷകർ അവകാശപ്പെട്ടു. നടത്തം കുറഞ്ഞവരിൽ ഉയർന്ന ബോഡി മാസ് ഇൻഡക്സും (ബി എം ഐ) ഉയർന്ന രക്തസമ്മർദവും പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളും കണ്ടെത്തി.

ശാരീരികമായ ചലനങ്ങളില്ലാതെ ദിവസവും മണിക്കൂറുകളോളം കസേരയിൽ തന്നെ കുത്തിയിരിക്കുന്നത് അപകടകരമാണ്. ഹൃദയ സംബന്ധമായ ഒട്ടേറെ അസുഖങ്ങൾക്ക് അത് കാരണമാകും. പ്രമേഹം പോലുള്ള ജീവിത ശൈലീ രോഗങ്ങൾക്കും അത് ഇടയാക്കും. കാൻസറിന് പോലും അത് കാരണമാകുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉയർന്ന അളവിലുളള ചീത്ത കൊളസ്ട്രോൾ, ഡിമെൻഷ്യ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ എന്നിവയ്ക്കും അത് വഴിവെയ്ക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Related Posts