കന്നിയാത്രയുമായി മുസിരിസിന്റെ എംഎച്ച്പി ഹെര്‍മപോളന്‍ ബോട്ട്
മുസിരിസിന്റെ കായലോളങ്ങള്‍ ഭരിക്കാനൊരുങ്ങി മുസിരിസ് പൈതൃക പദ്ധതിയുടെ എംഎച്ച്പി ഹെര്‍മപോളന്‍ ബോട്ട്. കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചു നല്‍കിയ ബോട്ടാണ് കന്നിയാത്ര നടത്തിയത്. ആധുനികമായ രീതിയില്‍ ഓഡിയോ വിഷ്വല്‍ സംവിധാനങ്ങളടങ്ങിയതാണ് ഈ ബോട്ട്.
എംഎല്‍എമാരായ ഇ ടി ടൈസണ്‍ മാസ്റ്റര്‍, അഡ്വ വി ആര്‍ സുനിര്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍, കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തുനിന്നും രാവിലെ ആരംഭിച്ച യാത്ര കനോലി കനാലിലൂടെ എസ് എന്‍ പുരം, മതിലകം, എടത്തുരുത്തി, പെരിഞ്ഞനം, കയ്പമംഗലം പഞ്ചായത്തുകളിലൂടെ യാത്ര നടത്തി വൈകീട്ടോടെ തിരികെ കോട്ടപ്പുറത്ത് അവസാനിച്ചു. മുസിരിസ് പൈതൃക സര്‍ക്യൂട്ടിലെ പതിനഞ്ചാമത്തെ ബോട്ട് ജെട്ടിയായ മതിലകം ബോട്ട് ജെട്ടിയും സംഘം സന്ദര്‍ശിച്ചു. കരൂപ്പടന്ന, ഇലവഞ്ചിക്കുളം തുടങ്ങിയ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളുടെ വികസനം മുസിരിസ് പൈതൃക പദ്ധതിയുടെ അടുത്ത ഘട്ടങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയതാണെന്നും അത് ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടു ണ്ടെന്നും മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് പറഞ്ഞു.
കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ അത്യാധുനിക സംവിധാനങ്ങളുള്ള 24 സീറ്റിന്റെ മൂന്ന് ബോട്ടും ഒരു സുരക്ഷാ ബോട്ടുമാണ് നിര്‍മ്മിച്ചു നല്‍കുന്നത്. ഇതില്‍ ഒരു ബോട്ടാണ് നീറ്റിലിറങ്ങിയത്. സുരക്ഷാ ബോട്ട് നേരത്തെ തന്നെ പൈതൃക പദ്ധതിയ്ക്ക് കൈമാറിയിരുന്നു. നാല് ബോട്ടുകള്‍ക്കുമായി 3.13 കോടി രൂപയാണ് ചെലവഴിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പുതിയ ജലാശയ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധയിനം ബോട്ടുകള്‍ നീറ്റിലിറക്കുന്നത്. ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ അനന്തസാധ്യതകള്‍ കണ്ടെത്തുന്നതിനായും വില്ലേജ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള വിവിധ തരത്തിലുള്ളതായിരിക്കും ജലാശയ ടൂര്‍ പാക്കേജുകള്‍.
യാത്രാ സംഘത്തില്‍ മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, വാര്‍ഡ് മെമ്പര്‍ ഒ എ ജെന്‍ഡ്രിന്‍, മുസിരിസ് പദ്ധതി മാര്‍ക്കറ്റിംഗ് മാനേജര്‍ ഇബ്രാഹിം സെബിന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.