മുസിരിസ് നാടകോത്സവത്തിന് തിരി തെളിഞ്ഞു
കേരള സംഗീത നാടക അക്കാദമിയും മുസിരിസ് പൈതൃക പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന മുസിരിസ് തിയേറ്റർ ഫെസ്റ്റിന് തിരി തെളിഞ്ഞു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സിനിമാ താരം സുരഭിലക്ഷ്മി തിരിതെളിയിച്ച് നാടകോത്സവം ഉദ്ഘാടനം ചെയ്തു. ഗസൽതാരങ്ങളായ റാസയും ബീഗവും ചേർന്ന് ഗസൽ രാവും അവതരിപ്പിച്ചു.
സംഗീത നാടക അക്കാദമിയുടെ. 10 അമച്വർ നാടകോത്സവങ്ങളിൽ ഒന്നിനാണ് കൊടുങ്ങല്ലൂരിൽ അരങ്ങുണർന്നത്. 25 അമച്വര്‍ നാടകസംഘങ്ങള്‍ക്കായി 50 ലക്ഷം രൂപ നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് കേരള സംഗീത നാടക അക്കാദമി നാടകോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. മാർച്ച് 16 വരെ പൊലീസ് മൈതാനിയിലും പുല്ലൂറ്റ് മുസിരിസ് കണ്‍വന്‍ഷന്‍ സെന്ററിലുമായാണ് നാടകങ്ങൾ അരങ്ങേറുക. നാടകചര്‍ച്ചകള്‍, സെമിനാറുകള്‍, നാടക പ്രവര്‍ത്തകര്‍ക്ക് ആദരവ്, നാടകഗാനങ്ങളുടെ അവതരണങ്ങള്‍ ആദ്യകാല നാടകങ്ങളുടെ യുട്യൂബ് റിലീസിങ്, നൃത്ത-സംഗീത നിശ, സോളോ നാടകാവതരണങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
16 ന് വൈകിട്ട് നാലിന് നടക്കുന്ന ഫെസ്റ്റിവൽ സമാപന സമ്മേളനം സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗം വി ടി മുരളി ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. പ്രദേശത്തെ മുതിര്‍ന്ന നാടക പ്രവര്‍ത്തകരെ സംവിധായകൻ കമല്‍ ആദരിക്കും. നാടക പ്രവര്‍ത്തകന്‍ വേണു പൂതോട്ടിന്റെ ഗാനങ്ങളുടെ യൂട്യൂബ് റിലീസിങ് നടന്‍ ശിവജി ഗുരുവായൂര്‍ നിര്‍വഹിക്കും. രാത്രി ഏഴിന് വള്ളുവനാടന്‍ ഫോക് അക്കാദമി (കൂറ്റനാട്) യുടെ പുനര്‍ജനി നാടന്‍പ്പാട്ടും കലാവിഷ്‌കാരവും നടക്കും.
ആരംഭ സമ്മേളനത്തിൽ സംഗീത നാടക അക്കാദമി ചെയർമാൻ സേവ്യർ പുൽപ്പാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ മുഖ്യാതിഥിയായി. അക്കാദമി നിർവ്വാഹക സമിതിയംഗം അഡ്വ വി ഡി പ്രേം പ്രസാദ്, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ്, ബ്ലോക്ക് പ്രസിഡണ്ട് സി കെ ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ പി രാജൻ, എം എസ്മോഹനൻ, നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ എന്നിവർ പങ്കെടുത്തു.