'മുസിരിസ് വേവ്സ് 2022': മുസിരിസ് പൈതൃക പദ്ധതി വാർഷിക പരിപാടികൾ ജനു 7 ന് തുടങ്ങും

മുസിരിസ് പൈതൃക പദ്ധതിയുടെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുസിരിസ് വേവ്സ് 2022. ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിനോദ സഞ്ചാര-അനൗപചാരിക വിദ്യാഭ്യാസ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 7ന് കോട്ടപ്പുറം മുസിരിസ് ആംഫി തീയേറ്ററിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും.

ഇതോടൊപ്പം മുസിരിസിൻ്റെ ജലാശയ ടൂറിസത്തെ ത്വരിതപ്പെടുത്താനായി സിയാലിൻ്റെ സൗരോർജ്ജ ബോട്ടും കെ.എസ്.ഐ.എൻ.സിയുടെ മൂന്ന് ബോട്ടുകളും നീറ്റിലിറങ്ങും. കോവിഡ് മഹാമാരിക്ക് ശേഷം വിനോദ സഞ്ചാര മേഖലയിലുണ്ടായ ഉണർവ്വിൻ്റെ പശ്ചാത്തലത്തിൽ സിയാൽ മുസിരിസ് പൈതൃക പദ്ധതിയിലേക്ക് സംയുക്തമായി സർവ്വീസ് നടത്തുന്നതിനാണ് സൗരോർജ്ജ ബോട്ട് കൈമാറുന്നത്. 15 സോളാർ പാനലുകളിൽ പ്രവർത്തിക്കുന്ന 24 സീറ്റുകളുള്ള ബോട്ടാണിത്. ഒരു മണിക്കൂർ ചാർജ്ജ് ചെയ്താൽ അഞ്ച് മണിക്കൂർ വരെ യാത്ര ചെയ്യാൻ സാധിക്കും. പകുതി പേർക്ക് എ.സിയും പകുതി പേർക്ക് നോൺ എ.സിയുമായുള്ള സൗകര്യമാണ് ഇതിലുണ്ടാവുക. കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ നിർമ്മിച്ച മൂന്നു ബോട്ടുകളിൽ അത്യാധുനിക സംവിധാനങ്ങളുള്ള 24 സീറ്റിൻ്റെ ആദ്യബോട്ടും മുസിരിസ് പൈതൃക പദ്ധതി ഏറ്റെടുക്കും. മൂന്ന് ബോട്ടുകൾക്കുമായി 3.06 കോടി രൂപയാണ് ചെലവഴിക്കുന്നത്.

കേരളത്തിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ടൂറിസം വകുപ്പ് മുഖാന്തരം മുസിരിസ് പൈതൃക പദ്ധതി ആരംഭിക്കുന്ന സ്റ്റുഡന്റ്സ് ഹെറിട്ടേജ് വാക്കിൻ്റെ സംസ്ഥാനതല ഉദ്ഘാടനവും ലോക പൈതൃക ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല പെൻസിൽ ചിത്രരചനാ മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടക്കും.

അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എംപി മുഖ്യാതിഥിയാകും. ടൂറിസം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു മുഖ്യപ്രഭാഷണം നിർവ്വഹിക്കും. കെ.എസ്.ഐ.എൻ.സി ബോട്ടിൻ്റെ കൈമാറ്റം കെ.എസ്.ഐ.എൻ.സി മാനേജിംഗ് ഡയറക്ടർ എൻ പ്രശാന്ത് നിർവ്വഹിക്കും. സിയാൽ മാനേജിംഗ് ഡയറക്ടർ എസ് സുഹാസ്, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്‌സൺ എം യു ഷിനിജ, വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, മുസിരിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി എം നൗഷാദ്, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹിം സബിൻ, വിവിധ ജനപ്രതിനിധികൾ പങ്കെടുക്കും.

Related Posts