സോഷ്യൽ മീഡിയയിൽ താരം; ടയറിൽ നിന്ന് പുകവരുത്തുന്ന കാർ പിടികൂടി എംവിഡി
തിരൂരങ്ങാടി: ടയറുകൾക്കിടയിൽ നിന്ന് പുകവരുത്തി സോഷ്യൽ മീഡിയയിൽ താരമായി മാറിയ കാർ മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റ് വിഭാഗം പിടിച്ചെടുത്തു. എ ആർ നഗറിലെ ചെണ്ടപ്പുറായ സ്വദേശിയുടെ വാഹനമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പുക വരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മാറ്റങ്ങൾ വരുത്തിയതിന് വാഹന ഉടമയ്ക്ക് 15,000 രൂപ പിഴയും ചുമത്തി. അപകടകരമായി വാഹനമോടിച്ചതിന് കോടതി നടപടികളും നേരിടേണ്ടി വരും. ടയറുകളിൽ രൂപമാറ്റം വരുത്തിയും നമ്പർ പ്ലേറ്റുകൾ ഇഷ്ടത്തിനനുസരിച്ച് വച്ചും കോളജുകൾക്ക് മുൻപിലും ആൾകൂട്ടങ്ങൾക്ക് മുൻപിലും പുകവരുത്തിയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഹാൻഡ് ബ്രേക്ക് പിടിച്ച് ആക്സിലറേറ്റർ ചവിട്ടിപ്പിടിച്ച് ചക്രങ്ങൾ കറക്കിയാണ് പുക ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. എംവിഐ കെ എം അസൈനാർ, എഎംവിഐമാരായ വിജീഷ് വാലേരി, കെ ആർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റ് വിഭാഗം സോഷ്യൽ മീഡിയയിൽ പ്രത്യേക നിരീക്ഷണം നടത്തിയാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തീ തുപ്പുന്ന വാഹനത്തിനെതിരെയും സമാനമായ നടപടി സ്വീകരിച്ചിരുന്നു.