"മേരി മാട്ടി മേരാ ദേശ് " എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സാവത്തിൻ്റെ സമാപനം കുറിച്ചുകൊണ്ട് രാജ്യത്തെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, സൈനിക- അർദ്ധ സൈനിക വിഭാഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ നടത്തുന്ന "മേരി മാട്ടി മേരാ ദേശ് " എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി.

എളവള്ളി ഗ്രാമപഞ്ചായത്തിലെ കാക്കശ്ശേരി ഇന്ദ്രാംചിറയിൽ നടന്ന ജില്ലാതല ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ച്പ്രാൺ പ്രതിജ്ഞയും അദ്ദേഹം ചൊല്ലി കൊടുത്തു. ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ മുഖ്യാതിഥിയായി.

പരേതനായ അതിർത്തി രക്ഷാ കമാൻഡന്റ് പി ഡി ജോയിയുടെ പത്നി വത്സ ജോയിയെ ചടങ്ങിൽ ആദരിച്ചു. അദേഹത്തിന്റെ ഓർമ്മക്കായി സ്ഥാപിച്ച ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ അദ്ധ്യക്ഷയായി.

ജില്ലയിലെ 86 പഞ്ചായത്തുകളിലും ആഗസ്ത് 15നകം അതാതു ഗ്രാമപഞ്ചായത്തുകളുടെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും.

രാജ്യത്തിനായി ജീവത്യാഗം ചെയ്തവരുടെ ഓർമ്മക്കായി 75 തരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു അമൃതവാടിക നിർമ്മിക്കും. ധീര രക്തസാക്ഷിത്വം വരിച്ചവരുടെ കുടുംബാംഗങ്ങളെ ആദരിക്കുകയും അവരുടെ സ്മാരകമായി ശിലാഫലകം സ്ഥാപിക്കുകയും ചെയ്യും. സ്വാതന്ത്ര്യ സേനാനികളുടെ കുടുംബാഗങ്ങൾ രാജ്യ സുരക്ഷക്കുവേണ്ടി സ്തുത്യർഹ്യമായ രീതിയിൽ പ്രവർത്തിച്ച സൈനിക അർദ്ധസൈനിക സേനാഗംങ്ങൾ എന്നിവരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കും.

ചടങ്ങിൽ അഞ്ചു പ്രതിജ്ഞ (പാഞ്ച് പ്രാൺ) എടുക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യും. നെഹ്‌റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം, സംസ്ഥാന യുവജന ക്ഷേമ ബോർഡ്, യുവജന ക്ലബ് വോളണ്ടിയർമാരുടെയും തൊഴിലുറപ്പു പ്രവർത്തകർ, സന്നദ്ധ സഘടന പ്രവർത്തകർ എന്നിവരുടെയും പങ്കാളിത്തത്തോടെയാണ് പരിപാടികൾ സഘടിപ്പിക്കുന്നത്.

ആഗസ്റ് 16 മുതൽ 25 വരെ എല്ലാ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ശേഖരിക്കുന്ന മണ്ണും ചെടികളും ബ്ലോക്ക് നഗരസഭാ ജില്ലാ കേന്ദ്രത്തിൽ സമാഹരിച്ച് നെഹ്‌റു യുവ കേന്ദ്ര വളണ്ടിയർമാർ അമൃതവാടിക ഒരുക്കുന്നതിന് ന്യൂഡൽഹിയിലെ കർത്തവ്യ പഥിൽ എത്തിക്കും.

എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , ജിയോ ഫോക്സ്, വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർപേഴ്സൺ ലീന ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി അദ്ധ്യക്ഷരായ കെ ഡി വിഷ്ണു, എൻ ബി ജയ ടി സി മോഹനൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതി ജില്ലാ ജോയിൻറ് പ്രോഗ്രാം കോ-ഓർഡിനേറ്റർ എം.കെ.ഉഷ, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സി.ബിൻസി, സംസ്ഥാനയുവജനക്ഷേമബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സി ടി സബിത, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എം. അനീഷ്, ജോയിൻ്റ് ബി.ഡി.ഒ. കെ.എസ്.സൂരജ്, എളവള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തോമാസ് ഏലിയാസ് രാജൻ എന്നിവർ പങ്കെടുത്തു

Related Posts