മൈസൂരു കൂട്ടബലാത്സംഗം; അഞ്ചു പേര്‍ അറസ്റ്റില്‍.
ബെംഗളൂരു: കര്‍ണാടകയിലെ വനപ്രദേശത്ത് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ചു പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
മൈസൂരിൽ പഴക്കച്ചവടക്കാരായ തിരുപ്പൂർ സ്വദേശികൾ ആണ് പ്രതികൾ. അറസ്റ്റിൽ ആയ പ്രതികളിൽ ഒരാൾ പ്രായപൂർത്തി ആകാത്തയാളാണ്. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. മലയാളി വിദ്യാർത്ഥി അടക്കം 35 പേരെ ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച മൈസൂരു ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ ഇരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിര്‍ത്തതോടെ സംഘം അവരെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
മഹാരാഷ്ട്ര സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. യുവതിയുടെ ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുണ്ട്. ഇതുവരെ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.