'ഫിറാഖ് ' വീണ്ടും കാണാൻ ആവശ്യപ്പെട്ട് നന്ദിതാ ദാസിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

മതത്തിൻ്റെ പേരിൽ മനുഷ്യർക്കിടയിൽ വേലിക്കെട്ടുകൾ ഉയരുന്ന കാലത്ത് വിഭജനത്തിൻ്റയും അപര വിദ്വേഷത്തിൻ്റെയും കഥ പറയുന്ന ഫിറാഖ് എന്ന സിനിമയുടെ പ്രസക്തി വർധിക്കുകയാണെന്ന് പ്രശസ്ത നടി നന്ദിതാ ദാസ്. 13 വർഷം മുമ്പ് ഇതേ ദിവസമാണ് ഫിറാഖ് റിലീസ് ചെയ്തത്. ഒരു പക്ഷേ, സിനിമയ്ക്ക് അന്നത്തേക്കാൾ പ്രാധാന്യവും പ്രസക്തിയും ഇന്നുണ്ട്. ഭയവും മുൻവിധിയും അതുല്യതയും അന്നത്തേക്കാൾ ഏറിയിരിക്കുന്നതായി ഇൻസ്റ്റഗ്രാമിൽ നടി കുറിച്ചു.
ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതായി പരക്കെ ആരോപിക്കപ്പെടുന്ന വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് എന്ന സിനിമ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നതിനിടയിലാണ് ഗുജറാത്തിലെ വർഗീയ കൂട്ടക്കൊലയെ പ്രമേയമാക്കുന്ന തൻ്റെ സിനിമയെ ഓർമപ്പെടുത്തി രാജ്യം ആദരിക്കുന്ന അഭിനേത്രി രംഗത്തെത്തുന്നത്.
ഫിറാഖ് എന്നത് ഒരു ഉർദു പദമാണ്. വിഭജനം, അന്വേഷണം തുടങ്ങിയ അർത്ഥങ്ങളാണ് അതിനുള്ളത്. ഗുജറാത്ത് കലാപത്തിനിടെ ഇരയാക്കപ്പെട്ട ഒരാൾക്കു നേരേ വാതിൽ കൊട്ടിയടയ്ക്കുന്ന ഒരു മധ്യവർഗ കുടുംബിനിയുടെ ആത്മസംഘർഷങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. സത്യസന്ധമായ ആയിരം കഥകളെ കുറിച്ചുള്ള സിനിമ എന്നാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ.

നന്ദിതാ ദാസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. നസറുദ്ദീൻ ഷാ, ദീപ്തി നാവൽ, നവാസുദ്ദീൻ സിദ്ദിഖി, ഇനാമുൾ ഹഖ്, നാസർ, പരേഷ് റാവൽ, സഞ്ജയ് സൂരി, രഘുബീർ യാദവ്, സഹാന ഗോസ്വാമി, അമൃത സുഭാഷ്, ടിസ്ക ചോപ്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളിയായ രവി കെ ചന്ദ്രനാണ് ഛായാഗ്രഹണം. ശ്രീകർ പ്രസാദിന് എഡിറ്റിങ്ങിന് ലഭിച്ച ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി ദേശീയ, അന്തർദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.