'അട്ടപ്പാടി സോങ്ങ്'; നഞ്ചിയമ്മയുടെ പുതിയ ഗാനം പുറത്തിറങ്ങി

ദേശീയ അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ പുതിയ ഗാനം പുറത്തിറങ്ങി. നഞ്ചിയമ്മ 'സിഗ്നേച്ചർ' എന്ന ചിത്രത്തിൽ പാടിയ ഗാനം, 'അട്ടപ്പാടി സോങ്ങ്' നടൻ ദിലീപ് പുറത്തു വിട്ടു. ഊര് മൂപ്പൻ തങ്കരാജ് മാഷാണ് രചനയും സംഗീത സംവിധാനവും നിർവഹിച്ചത്. എറണാകുളത്ത് നടന്ന ചടങ്ങിൽ നഞ്ചിയമ്മ, സംവിധായകൻ മനോജ്‌ പാലോടൻ, തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിൽ സി.എം.ഐ, അരുൺ ഗോപി, മ്യൂസിക് ഡയറക്ടർ സുമേഷ് പരമേശ്വർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. നഞ്ചിയമ്മയെ അരുൺ ഗോപിയും ദിലീപും ചേർന്ന് പൊന്നാടയണിയിച്ചു. നഞ്ചിയമ്മയെ പ്രത്യേകം അഭിനന്ദിച്ച ദിലീപ്, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടാണിതെന്ന് പറഞ്ഞു. മനോജ്‌ പാലോടന്റെ സംവിധാനത്തിൽ കാർത്തിക് രാമകൃഷ്ണൻ, ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിഗ്നേച്ചർ നവംബർ 18 ന് തിയറ്ററുകളിലേക്ക് എത്തും. പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന ഈ ചിത്രത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, നിഖിൽ, സുനിൽ, അഖില എന്നിവർക്കൊപ്പം മുപ്പതോളം ഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നു. സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഫാദർ ബാബു തട്ടിൽ സി എം ഐ ആണ് എഴുതിയിരിക്കുന്നത്.

Related Posts