നെപ്പോളിയൻ്റെ വാൾ ലേലത്തിൽ പോയി; ഇങ്ങ് കത്രിക്കടവിലല്ല, അങ്ങ് അമേരിക്കയിൽ

പതിറ്റാണ്ടുകാലം ഫ്രഞ്ച് ചക്രവർത്തിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്ട്. അദ്ദേഹം സൈനിക മേധാവിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന വാൾ ഇന്നലെ ലേലത്തിൽ പോയി. 2.8 മില്യൺ അമേരിക്കൻ ഡോളറിനാണ് വാൾ വിറ്റത്. 1.5 മില്യണിനും 3.5 മില്യണിനും ഇടയിൽ വില കിട്ടുമെന്നായിരുന്നു നേരത്തേയുള്ള കണക്കുകൂട്ടൽ.

1799-ലെ അട്ടിമറിക്കാലത്ത് ഉപയോഗിച്ചതായി കണക്കാക്കപ്പെടുന്ന വാൾ ലേലത്തിൽ സ്വന്തമാക്കിയത് ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കയിലെ ഇല്ലിനോയ്സ് ആസ്ഥാനമായ റോക്ക് ഐലൻ്റ് ഓക്ഷൻ കമ്പനിയാണ് ചരിത്ര പ്രസിദ്ധമായ അപൂർവ വാൾ ലേലം ചെയ്തത്. വാളിനൊപ്പം അഞ്ച് തോക്കുകളും ഉൾപ്പെടെയായിരുന്നു ലേലം.

ഫ്രഞ്ച് ചക്രവർത്തിയുടെ വാളും തോക്കും പീരങ്കിയുമെല്ലാം മില്യൺ കണക്കിന് അമേരിക്കൻ ഡോളറുകൾക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോൾ അദ്ദേഹത്തിൻ്റെ പ്രൗഢ ഗംഭീരമായ ആ അത്യപൂർവ സിംഹാസനം, ഇങ്ങ് കലൂർ കത്രിക്കടവിലെ മോൻസൺ മാവുങ്കൽ മ്യൂസിയത്തിലിരുന്ന് കാക്കാശിന് വിലയില്ലാതെ അന്ത്യവിശ്രമം കൊള്ളുന്നു എന്നത് ചരിത്രത്തിൻ്റെ ഒരു ദുർഗതിയത്രേ!

Related Posts