നാരദൻ മാർച്ച് 3-ന്; മാധ്യമ ലോകത്തെ അടയാളപ്പെടുത്തുന്ന പൊളിറ്റിക്കൽ ത്രില്ലറാവുമെന്ന് സൂചന

ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ മാർച്ച് 3-ന് റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ. കൊവിഡ് പ്രതിസന്ധി നിമിത്തം നിരവധി തവണ ചിത്രത്തിൻ്റെ റിലീസ് മാറ്റിവെച്ചിരുന്നു. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ സിനിമ റിലീസിന് ഒരുങ്ങുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.

ചിത്രത്തിൻ്റെ കഥയോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. സമകാലീന മാധ്യമ ലോകത്തെ അടയാളപ്പെടുത്തുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്ന സൂചനയുണ്ട്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റേതായ ഇടം കണ്ടെത്തിയ അഭിനേത്രി അന്ന ബെൻ ആണ് ചിത്രത്തിലെ നായിക.

മായാനദിക്കുശേഷം ആഷിക് അബുവും ടൊവിനോയും ഒന്നിക്കുന്ന ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് ഉണ്ണി ആർ ആണ്. മിന്നൽ മുരളിയുടെ ഗംഭീര വിജയത്തിന് ശേഷം എത്തുന്ന നാരദനിൽ ടൊവിനോയുടെ രണ്ട് വ്യത്യസ്ത മേക്ക് ഓവറുകൾ കാണാം. ഷറഫുദ്ദീൻ, വിജയരാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജയരാജ് വാര്യർ എന്നിവർക്കൊപ്പം പ്രമുഖ തിയേറ്റർ ആർടിസ്റ്റ് ദീപൻ ശിവരാമനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് കുരുവിളയ്ക്കൊപ്പം ആഷിക് അബുവും റീമ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Posts