കോൺഗ്രസ്സിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി; കുടുംബ വാഴ്ചയ്ക്ക് അപ്പുറമുള്ള രാഷ്ട്രീയം കോൺഗ്രസ്സിനില്ല
കുടുംബ വാഴ്ചയ്ക്ക് അപ്പുറമുളള രാഷ്ട്രീയം കോൺഗ്രസ്സിന് ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പാർലമെന്റിൽ ചർച്ചയ്ക്കിടെയാണ് കോൺഗ്രസ്സിനും ഗാന്ധി കുടുംബത്തിനും എതിരെ രൂക്ഷമായ വിമർശനം നരേന്ദ്രമോദി നടത്തിയത്. കുടുംബ വാഴ്ചയുടെ ആദ്യത്തെ ഇര വ്യക്തിഗതമായ കഴിവും ശേഷിയും മികവുമാണെന്ന് മോദി ഓർമിപ്പിച്ചു. കോൺഗ്രസ് ഇല്ലായിരുന്നെങ്കിൽ രാജ്യം എങ്ങനെ മാറുമായിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.
"കോൺഗ്രസ്സിൻ്റെ പ്രശ്‌നം കുടുംബ വാഴ്ചയ്ക്കപ്പുറം ഒരിക്കലും ചിന്തിച്ചിട്ടില്ല എന്നതാണ്. ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി ഇത്തരം പാർടികളാണ്. കുടുംബം പരമപ്രധാനമാകുമ്പോൾ ശേഷിയും മികവുമാണ് അവഗണിക്കപ്പെടുന്നത്," സർക്കാർ നയങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞു. ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്ന ആശയത്തിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ് ആ പാർടി. കോൺഗ്രസ് പിരിച്ചുവിടണമെന്നാണ് ഗാന്ധി ആഗ്രഹിച്ചത്. എന്നാൽ ഗാന്ധിയുടെ ആഗ്രഹം നടന്നില്ല. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ രാജ്യത്തിൻ്റെ ഭാവി തന്നെ മറ്റൊന്നായി മാറുമായിരുന്നു.
"ഗാന്ധിജിയുടെ ആഗ്രഹം പോലെ, കോൺഗ്രസ് പിരിച്ചുവിട്ടിരുന്നെങ്കിൽ ജനാധിപത്യം സ്വജനപക്ഷപാതത്തിൽ നിന്ന് മുക്തമാകുമായിരുന്നു. ഇന്ത്യ സ്വദേശി പാത സ്വീകരിക്കുമായിരുന്നു. അടിയന്തരാവസ്ഥയുടെ കളങ്കം ഉണ്ടാകുമായിരുന്നില്ല. അഴിമതി സ്ഥാപനവത്കരിക്കപ്പെടില്ലായിരുന്നു. ജാതീയതയോ പ്രാദേശികവാദമോ ഉണ്ടാകുമായിരുന്നില്ല. സിഖുകാരെ കൂട്ടക്കൊല ചെയ്യുമായിരുന്നില്ല. കശ്മീരിൽനിന്നുള്ള പലായനം ഉണ്ടാകുമായിരുന്നില്ല. സ്ത്രീകളെ തന്തൂരി അടുപ്പിൽ ചുട്ടുകളയുമായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾക്കായി സാധാരണക്കാരന് ഇത്രയും കാലം കാത്തിരിക്കേണ്ടി വരില്ലായിരുന്നു," പ്രധാനമന്ത്രി വിശദീകരിച്ചു.