തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഗുജറാത്തിൽ വമ്പൻ റോഡ് ഷോ നടത്തി നരേന്ദ്ര മോദി
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലിടത്തും വിജയം കൈവരിച്ചതിന് പിന്നാലെ സ്വന്തം തട്ടകമായ ഗുജറാത്തിൽ പടുകൂറ്റൻ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിൽ നടന്ന റോഡ് ഷോയുടെ ദൃശ്യങ്ങൾ ബി ജെ പി സംസ്ഥാന ഘടകമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
തലയിൽ കാവി നിറത്തിലുള്ള തലപ്പാവ് അണിഞ്ഞ് തുറന്ന വാഹനത്തിൽ സഞ്ചരിക്കുന്ന പ്രധാനമന്ത്രി വഴിയിൽ ഇരുവശത്തും തടിച്ചുകൂടിയ ജനങ്ങളെ നോക്കി വിജയ ചിഹ്നം കാണിക്കുന്നത് വീഡിയോയിൽ കാണാം.
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗാന്ധി നഗറിലെ പാർടി ആസ്ഥാനമായ കമലം വരെ ഒമ്പത് കിലോമീറ്റർ ദൂരമാണ് മോദിയുടെ റോഡ് ഷോ അരങ്ങേറിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ പഞ്ചായത്ത് മഹാ സമ്മേളനം ഉൾപ്പെടെ നിരവധി പരിപാടികളിൽ പ്രധാനമന്ത്രി സംബന്ധിക്കും.