നരേന്ദ്രമോദി അമേരിക്കയിൽ; ഇന്ന് കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തും.
വാഷിങ്ടൺ: മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി ജോയിൻ്റ് ബേസ് ആൻഡ്രൂസിൽ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. ഇന്ത്യയുടെ അമേരിക്കൻ സ്ഥാനപതി തരൺജിത്ത് സിംഗ് സന്ദുവിൻ്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. വാഷിങ്ടണിലെ ഇന്ത്യൻ സമൂഹം നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദിയെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു.
അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച, ക്വാഡ് ഉച്ചകോടി, ഐക്യരാഷ്ട്ര സംഘടനാ പൊതുസഭയെ അഭിസംബോധന ചെയ്യൽ എന്നിവയാണ് മോദിയുടെ ത്രിദിന യു എസ് സന്ദർശനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി അമേരിക്കൻ സന്ദർശിക്കുന്നത്. അമേരിക്കൻ പ്രസിഡണ്ടായി ജോ ബൈഡൻ അധികാരത്തിൽ എത്തിയതിന് ശേഷം ഇതാദ്യമായാണ് ജോ ബൈഡനും മോദിയും തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത്.
പ്രധാനമന്ത്രി മോദി ക്വാഡ് ഉച്ചകോടിയിലും, യു എന്‍ പൊതുസഭയുടെ 76മത് പൊതു അസംബ്ലിയെ അഭിസംബോധന ചെയ്തും സംസാരിക്കും. ശനിയാഴ്ച ന്യൂയോര്‍ക്കിൽ വച്ചാണ് യുഎൻ പൊതു അസംബ്ലി നടക്കുന്നത്. ജോ ബൈഡനുമായി നേരിട്ട് പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യത്തെ കൂടികാഴ്ച വൈറ്റ് ഹൗസില്‍ വച്ചാണ് നടക്കുക.