നരേന്ദ്രമോദി ഇന്ന് പ്രധാനമന്ത്രിമാരുടെ മ്യൂസിയം ഉദ്ഘാടനം ചെയ്യും

രാജ്യത്തെ പ്രധാനമന്ത്രിമാരുടെ ജീവിതത്തിലേക്കും പ്രവർത്തനങ്ങളിലേക്കും വെളിച്ചം വീശുന്നതും രാജ്യത്തിൻ്റെ സമ്പന്നമായ ചരിത്ര പാരമ്പര്യങ്ങൾ അടയാളപ്പെടുത്തുന്നതുമായ പ്രധാനമന്ത്രിമാരുടെ മ്യൂസിയം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടകൻ.

ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് മ്യൂസിയം തുറക്കുന്നത്. തീൻ മൂർത്തി ഭവനാണ് പ്രധാനമന്ത്രിമാരുടെ മ്യൂസിയമായി പുനർനിർമിച്ചത്. ഏപ്രിൽ 21 മുതൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

ഹോളോഗ്രാം, ഓഗ്മന്റഡ് റിയാലിറ്റി, കൈനറ്റിക് ശില്പങ്ങൾ, ഇന്ററാക്ടീവ് കിയോസ്‌കുകൾ തുടങ്ങി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് മ്യൂസിയത്തിൻ്റെ പ്രവർത്തനം. 15,600 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന മ്യൂസിയത്തിൽ 43 ഗാലറികളുണ്ട്.

1964-ൽ അധികാരമേറ്റയുടൻ മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി വാങ്ങിയ ഫിയറ്റ് കാറും ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള ഡിജിറ്റൽ ഷോയും മ്യൂസിയത്തിലുണ്ട്. സ്വാതന്ത്ര്യ സമരം, ഭരണഘടനാ നിർമാണം ഉൾപ്പെടെയുള്ള ചരിത്ര പ്രസിദ്ധമായ സംഭവങ്ങൾ മ്യൂസിയം അടയാളപ്പെടുത്തും. രാജ്യത്തിൻ്റെ പ്രധാനമന്ത്രിമാർ വിവിധ വെല്ലുവിളികൾ ഏറ്റെടുത്ത് രാജ്യത്തിൻ്റെ വികാസവും പുരോഗതിയും ഉറപ്പാക്കിയ കഥയാണ് സംഗ്രഹാലയ (മ്യൂസിയം) പറയുന്നത്.

ചടങ്ങിൽ പങ്കെടുക്കാൻ എല്ലാ മുൻ പ്രധാനമന്ത്രിമാരെയും അവരുടെ കുടുംബാംഗങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കുടുംബം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

Related Posts