നാളെ നരേന്ദ്രമോദിയുടെ 71-ാം പിറന്നാൾ, രാജ്യമാകെ റെക്കോഡ് വാക്സിനേഷന് ഔദ്യോഗിക നിർദേശം

വെളളിയാഴ്ച, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം പിറന്നാൾ ദിനത്തിൽ റെക്കോഡ് വാക്സിനേഷനൊരുങ്ങി രാജ്യം. രാജ്യത്തെമ്പാടും, പ്രത്യേകിച്ച് ബി ജെ പി നയിക്കുന്ന എൻ ഡി എ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രതിദിന വാക്സിനേഷൻ ഇരട്ടിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാസം 1.33 കോടി ഡോസ് വാക്സിൻ നൽകി പ്രതിദിന വാക്സിനേഷനിൽ രാജ്യം റെക്കോഡിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിദിന ശരാശരിയിൽ വലിയ കുറവ് വന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രധാന മന്ത്രിയുടെ പിറന്നാൾ ദിനം ആവേശപൂർവം കൊണ്ടാടാനും കഴിഞ്ഞ മാസത്തെ റെക്കോഡിനെ മറികടക്കാനും പുതിയ പ്രതിദിന വാക്സിനേഷൻ റെക്കോഡ് സ്ഥാപിക്കാനുമുള്ള ഉദ്ദേശ്യത്തോടെ മന:പൂർവം വേഗത കുറച്ചതാണ് എന്ന വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

രണ്ടാഴ്ച മുമ്പുണ്ടായിരുന്നതിനേക്കാൾ, പ്രതിദിന വാക്സിനേഷനിൽ 15 ശതമാനത്തിൻ്റെ കുറവ് വന്നതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. രണ്ടാഴ്ച മുമ്പ് 80 ലക്ഷമായിരുന്നു ശരാശരി പ്രതിദിന ഡോസ്. സെപ്റ്റംബർ 14 ഓടെ അത് 69 ലക്ഷത്തിലേക്ക് താഴ്ന്നു.അതിനിടെ, 20 വർഷത്തെ മോദിയുടെ പൊതുജീവിതം ആഘോഷമാക്കാൻ 20 ദിവസം നീണ്ടുനില്ക്കുന്ന മെഗാ ഈവൻ്റ് നടത്താനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. ജന്മദിനമായ സെപ്റ്റംബർ 17 മുതലാണ് മെഗാ ഈവൻ്റിന് തുടക്കം കുറിക്കുന്നത്. ഒക്ടോബർ 7-ന് പരിപാടികൾക്ക് സമാപനം കുറിക്കും.

ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ 2001 ഒക്ടോബർ 7 മുതലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 20 വർഷത്തെ പൊതുജീവിതമാണ് കൊണ്ടാടുന്നത്. 'സേവ് ആൻ്റ് സമർപ്പൺ അഭിയാൻ' എന്ന പേരിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. രാജ്യമാസകലം ശുചിത്വ ക്യാമ്പയിനുകളും രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കും.

പാവങ്ങളുടെ പ്രതിപുരുഷനായി മോദിയെ അവതരിപ്പിക്കാനാണ് നീക്കം.ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകിയും സൗജന്യ വാക്സിൻ നൽകിയും പാവങ്ങളെ സഹായിച്ച പ്രധാനമന്ത്രിക്ക് കൃതജ്ഞത അർപ്പിച്ചു കൊണ്ട് രാജ്യത്തുടനീളം പ്രചാരണ ബോർഡുകൾ സ്ഥാപിക്കും.

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് രാജ്യത്തുടനീളം ശുചിത്വ ക്യാമ്പയിൻ നടത്തും. പ്രധാനമന്ത്രിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ട് പ്രത്യേക പ്രദർശനങ്ങൾ നടത്താൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബുദ്ധിജീവികളേയും പ്രഗത്ഭ വ്യക്തിത്വങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രത്യേക പരിപാടികളും അരങ്ങേറും. പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ജന്മദിന സമ്മാനങ്ങൾ പി എം മെമൻ്റോസ് എന്ന സർക്കാർ വെബ്സൈറ്റിലൂടെ ലേലം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Related Posts