ശബ്ദത്തേക്കാള്‍ വേഗത്തില്‍ പറക്കുന്ന നിശബ്ദ വിമാനമൊരുക്കാൻ നാസ

ഫ്ലോറിഡ: ഒരു വിമാനമോ മറ്റോ സാധാരണ ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അത് വലിയ തോതിലുള്ള ശബ്ദ വിസ്ഫോടനത്തിന് കാരണമാകും. എന്നാൽ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ, അധിക ശബ്ദമില്ലാതെ ശബ്ദത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിയുന്ന വിമാനം നിർമ്മിക്കാൻ പദ്ധതിയിടുന്നു. ശബ്ദ വിസ്ഫോടനമില്ലാതെ ശബ്ദത്തിന്‍റെ വേഗതയെ മറികടക്കാൻ കഴിയുന്ന വിമാനത്തിന് എക്സ് 59 എന്നാണ് നാസ പേരിട്ടിരിക്കുന്നത്.  നാസയുടെ നിരവധി പദ്ധതികളുമായി സഹകരിക്കുന്ന ലോക്ഹീഡ് മാർട്ടിൻ എന്ന വ്യോമയാന കമ്പനിയുമായി ചേർന്നാണ് നിശബ്ദ വിമാനം നിർമ്മിക്കുന്നത്. ആദ്യമായി വിമാനം ശബ്ദത്തേക്കാൾ വേഗത്തിൽ പറന്ന് ശബ്ദ വിസ്‌ഫോടനം ഉണ്ടായി 75 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാസ ഈ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ശബ്ദ മലിനീകരണവും സാമ്പത്തിക ബാധ്യതകളുമാണ് ശബ്ദത്തിന്‍റെ ഇരട്ടി വേഗതയിൽ സഞ്ചരിച്ച കോണ്‍കോഡ് എന്ന യാത്രാവിമാനം നിർത്തലാക്കാൻ കാരണം. ശബ്ദ വിസ്ഫോടനമില്ലാതെ നാസയുടെ വിമാനം ശബ്ദത്തിന്‍റെ വേഗതയേക്കാൾ കൂടുതൽ പറക്കുകയാണെങ്കിൽ, അത്തരം അതിവേഗ പാസഞ്ചർ വിമാനങ്ങൾ ഭാവിയിൽ സാധാരണമായേക്കും.  അസാധ്യമായ പല കാര്യങ്ങളും നടത്തി തെളിയിച്ച നാസയുടെ എക്സ് 1 ടീമാണ് എക്സ്-59 വിമാനത്തിന്‍റെ നിർമ്മാണത്തിന് പിന്നിൽ. 1947 ഒക്ടോബർ 14ന് അമേരിക്കൻ വ്യോമസേനയും നാഷണൽ എക്സ് 1 ടീമും ചേർന്നാണ് ശബ്ദത്തേക്കാൾ വേഗത്തിൽ വിമാനയാത്ര സാധ്യമാക്കിയത്. "ആദ്യത്തെ സൂപ്പർസോണിക് യാത്ര ഒരു വലിയ നേട്ടമാണ്. എന്നാൽ ഇപ്പോൾ വളരെ ദൂരം മുന്നേറിയിരിക്കുന്നു," നാസയുടെ ആംസ്ട്രോംഗ് ഫ്ലൈറ്റ് റിസർച്ച് സെന്‍ററിലെ എയറോനോട്ടിക്കൽ എഞ്ചിനീയറായ കാതറിൻ ബാം പറഞ്ഞു. ലോ ബൂം ഫ്ലൈറ്റ് ഡെമോൺസ്ട്രേറ്റർ പ്രോജക്റ്റിന്‍റെ മാനേജർ കൂടിയായ കാതറിനും അവരുടെ ടീമിനുമാണ് എക്സ് 59 ന്‍റെ നിർമ്മാണത്തിന്‍റെ ചുമതല. 

Related Posts