താലിബാനെ "ആഘോഷിക്കുന്ന" മുസ്ലിം വിഭാഗങ്ങൾക്ക് മുന്നറിയിപ്പുമായി നസറുദ്ദീൻ ഷാ

താലിബാൻ്റെ തിരിച്ചുവരവിൽലോകം മുഴുവൻ ആശങ്കയിൽ കഴിയവേ അവരെ "ആഘോഷിക്കുന്ന" വർക്കെതിരെ മുന്നറിയിപ്പുമായി പ്രഗത്ഭ ബോളിവുഡ് അഭിനേതാവ് നസറുദ്ദീൻ ഷാ. രണ്ടു പതിറ്റാണ്ടിനു ശേഷം അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയിരിക്കുന്നു. അവരുടെ തിരിച്ചുവരവിൽ ലോകം ഒന്നടങ്കം ആശങ്കയിലാണ്. എന്നാൽ ഒരു വിഭാഗം ഇന്ത്യൻ മുസ്ലിങ്ങൾ ഇതൊരു ആഘോഷമാക്കുന്നുണ്ട്- സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ നടൻ കുറ്റപ്പെടുത്തുന്നു.

താലിബാൻ ഉയർത്തുന്ന ആശങ്കയേക്കാൾ ഒട്ടും കുറഞ്ഞതല്ല അവരുടെ തിരിച്ചുവരവിനെ ആഘോഷമാക്കുന്നവർ ഉയർത്തുന്ന ഭീതി എന്ന് ഷാ വീഡിയോയിൽ പറയുന്നുണ്ട്. ഈ ആഘോഷ പ്രകടനങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണ്. പേടിപ്പെടുത്തുന്നതാണ്.

ഭീകരവാദികളുടെ മടങ്ങിവരവിൽ സന്തോഷിക്കുന്നവർ തങ്ങളെ ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നസറുദ്ദീൻ ഷാ ആവശ്യപ്പെടുന്നു. അവർ തങ്ങളെത്തന്നെ ചോദ്യം ചെയ്യണം. സ്വന്തം മതത്തെ പരിഷ്കരിക്കുകയാണോ അതോ അപരിഷ്കൃതമായ ജീവിതം തുടരുകയാണോ വേണ്ടതെന്ന് അവർ സ്വയം ചിന്തിക്കണം.

'ഹിന്ദുസ്ഥാനി ഇസ്ലാം' ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിലുള്ള ഇസ്ലാമിൽ നിന്ന് വിഭിന്നമാണ് എന്ന നിരീക്ഷണവും അദ്ദേഹം ഇതോടൊപ്പം പങ്കുവെയ്ക്കുന്നുണ്ട്. അതിൽ മാറ്റങ്ങൾ സംഭവിച്ച് തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിൽ ഇന്ത്യൻ ഇസ്ലാം മാറാൻ ഇടയാവാതിരിക്കട്ടേ എന്ന പ്രാർഥനയോടെയാണ് ഷായുടെ വീഡിയോ സന്ദേശം അവസാനിക്കുന്നത്.

Related Posts