ഗാന്ധിജിയെ അനുസ്മരിച്ച് രാജ്യം: രാജ്ഘട്ടിലെത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ന്യൂഡൽഹി: 153-ാമത് ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ രാജ്യം അനുസ്മരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ സമാധിയായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ ആദർശങ്ങൾ ആഗോളതലത്തിൽ പ്രതിധ്വനിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ ആശയങ്ങൾ കോടിക്കണക്കിന് ജനങ്ങൾക്ക് ശക്തി പകരുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഖാദി ഉത്പന്നങ്ങളും കരകൗശല വസ്തുക്കളും വാങ്ങി ഗാന്ധിജിക്ക് ആദരമർപ്പിക്കണമെന്നും മോദി അഭ്യർത്ഥിച്ചു. ഇന്ത്യയുടെ രണ്ടാം പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജൻമവാർഷികം കൂടിയാണ് ഇന്ന്. പ്രധാനമന്ത്രി അദ്ദേഹത്തെയും അനുസ്മരിച്ചു. ശാസ്ത്രിയുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവും ലാളിത്യവും രാജ്യത്തുടനീളം പ്രശംസിക്കപ്പെടുന്നുവെന്ന് മോദി കൂട്ടിച്ചേർത്തു. ശാസ്ത്രിയുടെ സമാധിയായ വിജയ് ഘട്ടിലും പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ എന്നിവർ ഗാന്ധിജിക്കും ശാസ്ത്രിക്കും ആദരാഞ്ജലികൾ അർപ്പിച്ചു. ഇരുവരും രാജ്ഘട്ടിലും പിന്നീട് വിജയ് ഘട്ടിലും എത്തി പുഷ്പാർച്ചന നടത്തി. ഭാരത് ജോഡോ യാത്രയ്ക്കായി കർണാടകയിലുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൈസൂരുവിലെ ബഡ്നവളുവിലെ ഖാദി ഗ്രാമോദ്യോഗ് ഓഫിസിലെ മഹാത്മാഗാന്ധി പ്രതിമയിൽ പൂക്കൾ അർപ്പിച്ച് ആദരമർപ്പിച്ചു. പ്രാർഥനാ ചടങ്ങിലും പങ്കെടുത്തു. യാത്രയുടെ 25ാം ദിനത്തിൽ ബഡ്നവളുവിലെ ഖാദി ഗ്രാമ വ്യവസായങ്ങളും രാഹുൽ സന്ദർശിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുതിർന്ന നേതാവ് മല്ലികാർജുർ ഖർഗെയും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ‘‘ബാപ്പു സത്യത്തിന്റെ ഉദാഹരണമാണ്. ധൈര്യത്തിന്റെ വിളക്കാണ്. രാജ്യത്തെ ജനങ്ങളുടെ സഹനം പങ്കിട്ട്, രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കുന്ന ഇന്ത്യയുടെ യാത്രികനാണ് ബാപ്പു. ഇന്ന് ബാപ്പു കാണിച്ചുതന്ന പാതയിലൂടെ ‘ഭാരത് ജോഡോ’ എന്ന മുദ്രാവാക്യം നാവിലേന്തിയും ഐകമത്യത്തിന്റെ വിളക്ക് കയ്യിലേന്തിയും യാത്ര ചെയ്യുകയാണ് നമ്മൾ.’’ – കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. ശാസ്ത്രിയെയും പ്രിയങ്ക അനുസ്മരിച്ചു.