2020-ൽ രാജ്യത്ത് ആത്മഹത്യ ചെയ്തവരിൽ കൂടുതലും കൂലിവേലക്കാർ; നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പുറത്ത്

കൊവിഡ് കാലത്ത് ആത്മഹത്യ ചെയ്തവരിൽ കൂടുതലും കൂലിവേലക്കാരെന്ന് റിപ്പോർട്ട്. 1,53,052 പേരാണ് 2020-ൽ രാജ്യത്താകെ ആത്മഹത്യ ചെയ്തത്. ഇതിൽ 24.6 ശതമാനവും കൂലിവേല ചെയ്ത് നിത്യവൃത്തി കഴിച്ചുകൂട്ടുന്നവരാണ്. 37,666 ദിവസ വേതനക്കാരാണ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തത്.

അപകടമരണങ്ങളെയും ആത്മഹത്യകളെയും കുറിച്ചുള്ള നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്. റോഡപകടങ്ങളും അതുമായി ബന്ധപ്പെട്ട മരണങ്ങളും പോയവർഷം കുറഞ്ഞതായി കണക്കുകൾ കാണിക്കുന്നു. എന്നാൽ 2019-നെ അപേക്ഷിച്ച് ആത്മഹത്യ ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനത്തിൻ്റെ വർധനവുണ്ട്.

2014 മുതലാണ് ദിവസക്കൂലിക്കാരെ പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തി കൊണ്ടുള്ള കണക്കുകൾ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തു വിടാൻ തുടങ്ങിയത്. 2014-ൽ ആകെ ആത്മഹത്യ ചെയ്തവരിൽ 12 ശതമാനമായിരുന്നു ദിവസ വേതനക്കാരെങ്കിൽ 2021-ൽ എത്തുമ്പോൾ അവരുടെ എണ്ണം ഇരട്ടിയായതായി കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞവർഷം തമിഴ്നാട്ടിലാണ് കൂലിപ്പണിക്കാർ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തത്- 6,495 പേർ. മധ്യപ്രദേശ് (4,945), മഹാരാഷ്ട്ര (4,176), തെലങ്കാന (3,831), ഗുജറാത്ത് (2,745) എന്നീ സംസ്ഥാനങ്ങളിലും ദിവസ വേതനക്കാരുടെ ആത്മഹത്യ ആശങ്കാജനകമായ നിലയിലാണ്.

ആത്മഹത്യയിൽ മറ്റു വിഭാഗങ്ങളുടെ ശതമാനക്കണക്ക് ഇങ്ങനെയാണ്. വീട്ടമ്മമാർ (14.6), സ്വയം തൊഴിൽ ചെയ്യുന്നവർ (11.3), പ്രൊഫഷണലുകളും ശമ്പളക്കാരും ( 9.7), കർഷകർ (7), ജോലിയിൽനിന്ന് വിരമിച്ചവർ (1). 13.4 ശതമാനം പേർ ഈ വിഭാഗങ്ങളിലൊന്നും പെടാത്തവരാണ്.

Related Posts