ദേശീയ പാത കുതിരാനിൽ പാറപൊട്ടിക്കൽ : പരീക്ഷണ സ്‌ഫോടനം ഇന്ന്
ദേശീയപാത വികസനത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കത്തിനു സമീപം പാറപൊട്ടിക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനം 2022 ജനുവരി 7 ന് ഉച്ചയ്ക്ക് 2 മണിക്ക് നടത്തും.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌ഫോടനം തീരുന്നതു വരെയുള്ള സമയത്ത് വഴുക്കുംപാറ മുതൽ തുരങ്കത്തിന്റെ എതിർശം വരെയുള്ള ഭാഗത്ത് സമ്പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സ്‌ഫോടനം നടത്തുന്ന വേളയിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്‌ഫോടനത്തിനായി മുന്നോടിയായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പുനൽകുന്ന അലാറാം മുഴങ്ങും. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് രണ്ടാമത്തെ അലാറവും സ്‌ഫോടനത്തിനു ശേഷം മൂന്നാമത്തെ അലാറവും മുഴങ്ങും.
ഗതാഗത നിയന്ത്രണം.
സ്ഫോടനം നടത്തുന്ന ഉച്ചയ്ക്ക് 2 മണി മുതൽ സ്ഫോടനം കഴിഞ്ഞ് ഉദ്യോഗസ്ഥർ സ്ഥലത്തുചെന്ന് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുവരെ ദേശീയപാത 544 കുതിരാൻ ഭാഗത്ത് എല്ലാതരം വാഹനങ്ങളുടേയും ഗതാഗതം നിർത്തിവെക്കുന്നതാണ്. നിർദ്ദിഷ്ട സ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് യാതൊരുവിധ പ്രവേശനവും ഉണ്ടായിരിക്കുന്നതല്ല.
തൃശൂരിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ വഴുക്കുംമ്പാറ ജംഗഷനു മുമ്പും വലിയ ഭാര വാഹനങ്ങൾ ചുവന്നമണ്ണ് ജംഗ്ഷനുമുമ്പും നിർത്തിയിടേണ്ടതാണ്.
പാലക്കാട് ഭാഗത്തു നിന്നും തൃശൂരിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കൊമ്പഴ എത്തുന്നതിന് മുമ്പും വലിയ ഭാരവാഹനങ്ങൾ വാണിയംമ്പാറ എത്തുന്നതിന് മുമ്പും നിർത്തിയിടണം.
എയർപോർട്ട്, ആശുപത്രി തുടങ്ങിയ അത്യാവശ്യകാര്യങ്ങൾക്കുവേണ്ടി ഈസമയം കുതിരാൻ വഴി പോകേണ്ട വാഹനങ്ങൾ ദേശീയപാത ഒഴിവാക്കി, സൌകര്യപ്രദമായ മറ്റു റോഡുകളിലൂടെ സഞ്ചരിക്കേണ്ടതാണെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആദിത്യ ആർ അറിയിച്ചു.