ദേശീയ പണിമുടക്ക് തുടങ്ങി; നാളെ അർധരാത്രിവരെ തുടരും
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് തുടങ്ങി. നാളെ അർധരാത്രി വരെ തുടരും. നരേന്ദ്ര മോദി സർക്കാരിൻ്റെ തൊഴിലാളി, കർഷക, ജനദ്രോഹ നയങ്ങൾക്കെതിരെയാണ് സമരം ചെയ്യുന്നതെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു. ബി എം എസ് ഒഴികെയുളള യൂണിയനുകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
സംഘടിത, അസംഘടിത മേഖലകളിലെ 25 കോടിയോളം തൊഴിലാളികൾ പണിമുടക്കിൽ ഭാഗഭാക്കാവുമെന്ന് ട്രേഡ് യൂണിയനുകൾ അവകാശപ്പെട്ടു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ രണ്ട് ദിവസത്തെ ഗ്രാമീണ ബന്ദിനും ആഹ്വാനം നൽകിയിട്ടുണ്ട്.
പാൽ, പത്രം, ആശുപത്രി, മരണം, ആംബുലൻസ്, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദേശ വിനോദ സഞ്ചാരികളുടെ യാത്രകൾ എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി. സ്വകാര്യ വാഹനങ്ങൾ തടയില്ലെന്നും അവശ്യ യാത്രകൾക്ക് തടസ്സം ഉണ്ടാക്കില്ലെന്നും സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.