നാട്ടിക സ്പോർട്സ് അക്കാദമി ചെയർമാൻ ബി കെ ജനാർദ്ദനൻ അന്തരിച്ചു

വിട വാങ്ങിയത് കേരള സ്പോർട്സിന് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തിത്വം

കേരളത്തിന്റെ കായിക ഭൂപടത്തിൽ തനതായ സ്ഥാനം നേടിയ തൃശൂരിന്റെ അഭിമാനമായ നാട്ടിക ഗവർമെന്റ് ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കായിക രംഗത്തെ തിളക്കമാർന്ന വിജയങ്ങളുടെ എല്ലാം ചാലക ശക്തി ആയ നാട്ടിക സ്പോർട്സ് അക്കാദമി ചെയർമാൻ ബി കെ ജനാർദ്ദനൻ അന്തരിച്ചു .

കേരളത്തിന്റെ കായിക ചരിത്രം എടുത്ത് പരിശോധിച്ചാൽ പകരം വെക്കാനില്ലാത്ത ഇച്ഛാശക്തിയുടെ പ്രതീകമായി ബി കെ ജനാർദ്ദനന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സാധിക്കും . അദ്ദേഹം നാട്ടികക്കും, കേരളത്തിനും തന്നെ നൽകിയത് വലിയ സന്ദേശമാണ് പ്രതിഭാസ്പർശമുള്ള വിദ്യാർത്ഥികളെ കണ്ടെത്തി അവരെ മികച്ച താരങ്ങൾ ആയി വാർത്തെടുക്കാൻ കഴിയും എന്നത് തന്റെ പ്രവർത്തികളിലൂടെ തെളിയിക്കുകയായിരുന്നു ബി കെ ജനാർദ്ദനൻ എന്ന കായികപ്രേമി അതിലുപരി സംഘാടകൻ.

2012 -2013 അദ്ധ്യയന വർഷത്തിന്റെ അവസാനമാണ് ഇത്തരത്തിൽ ഒരു അക്കാദമി എന്ന ആശയം രൂപപ്പെടുന്നത് . ആ കാലത്ത് പി ടി എ പ്രസിഡന്റ് ആയിരുന്ന ബി കെ ജനാർദ്ദനൻ , നാട്ടികയെ കേരളത്തിന്റെ കായിക ഭൂപടത്തിൽ നിർണായക സാന്നിദ്ധ്യമായി വളർത്തുന്ന കോച്ച് കണ്ണൻ മാഷ് , നാട്ടിക എൽ പി സ്കൂൾ ഹെഡ് മിസ്ട്രസ് സൗദാമിനി ടീച്ചർ എന്നിവരുടെ നിശ്ചയ ദാർഢ്യം ആണ് സ്പോർട്സ് അക്കാദമി എന്ന ആശയത്തിന് രൂപം നൽകിയത് .

ആദ്യം സ്കൂളിലെ സ്പോർട്സിൽ മിടുക്കരായ കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി ആണ് തുടക്കം . കണ്ണൻ മാഷാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് . ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന കണ്ണൻ മാഷ് പരിശീലനത്തിനുള്ള സമയം ക്രമീകരിച്ച് പടിപടിയായി പ്രതിഭാശാലികാളായ കുട്ടികളെ മിടുക്കരായ താരങ്ങൾ ആക്കി വാർത്തെടുത്തു .

തുടക്കത്തിൽ ഇതെത്ര മാത്രം വിജയിക്കുമെന്ന ആശങ്ക നാട്ടുകാരോടൊപ്പം രക്ഷിതാക്കൾക്കും ഉണ്ടായിരുന്നെങ്കിലും പിന്നീട് വന്ന വര്ഷങ്ങളിലെ സ്പോർട്സ് മീറ്റുകളിൽ നാട്ടികയിലേ നക്ഷത്രങ്ങൾ തിളക്കമുള്ള വിജയവുമായി സംസ്ഥാനത്തിന്റെ അതിർത്തികൾ ഭേദിച്ച് ദേശിയ ചാമ്പ്യൻഷിപ്പുകളിൽ ആൻസി സോജൻ , പി എ അതുല്യ അടക്കമുള്ള താരങ്ങൾ വിജയികളാവുന്നതും ഇന്നത് ഒളിമ്പിക്സ് സ്വപ്നത്തിൽ വരെ എത്തി നിൽക്കുന്ന കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചത് . ഇതിന്റെയെല്ലാം ചിട്ടയായ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച് ബി കെ ജനാർദ്ദനൻ ഉണ്ടായിരുന്നു . അദ്ധേഹം വെട്ടി തെളിച്ച പാതയിൽ സ്പോർട്സ് അക്കാദമി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

Related Posts