ഗുരുവായൂര്‍ ക്ഷേത്രത്തിൽ നവമി വിളക്കാഘോഷം നടന്നു
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി നവമി നെയ്‌വിളക്കാഘോഷിച്ചു. കൊളാടി കുടുംബം വകയായിരുന്നു നവമി വിളക്ക്. അവധി ദിവസമായതിനാലാണ് ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ വൻ തിരക്കാനുണ്ടായത്. കൊവിഡിന് ശേഷം ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തിയ ദിവസമായിരുന്നു ഞായറാഴ്ച. ക്ഷേത്ര സന്നിധിയില്‍ നൂറോളം വിവാഹങ്ങളും നടന്നു. ചോറൂണിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 751 കുരുന്നുകള്‍ക്കാണ് ചോറൂണ്‍ നല്‍കിയത്. ഇന്നലെ നവമി ദിവസത്തിൽ വഴിപാട് ഇനത്തില്‍ മാത്രം 40 ലക്ഷം രൂപയാണ് ലഭിച്ചത്. തുലാഭാരം വഴിപാടില്‍ നിന്നും 18 ലക്ഷം രൂപ ലഭിച്ചു. ശ്രീലകത്ത് ഏഴ് ലക്ഷം രൂപയുടെ നെയ് വിളക്കാനുണ്ടായത്. ഔട്ടര്‍ ഇന്നര്‍ റിംഗ് റോഡുകളില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.
ചെമ്പൈ സംഗീതോത്സവം നേരിട്ട് കാണാനും ക്ഷേത്രത്തിലെ ദീപ അലങ്കാരം കാണാനും, വൈകീട്ടും രാത്രിയിലും ക്ഷേത്ര നഗരിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത് . വാദ്യമേളങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ ഗുരുവായൂരപ്പനും പരിചാരകന്‍മാര്‍ക്കും നല്‍കുന്ന നമസ്‌കാര സദ്യയായിരുന്നു പ്രത്യേകത. പച്ചമാങ്ങകൊണ്ട് തയ്യാറാക്കുന്ന പെരുക്കും, ഇടിചക്കതോരനുമടങ്ങുന്ന നമസ്‌കാര സദ്യ ഉച്ചപൂജക്ക് ഭഗവാന് നിവേദിച്ചു. നവമി വിളക്കാഘോഷങ്ങളുടെ ഭാഗമായി രാത്രി നടന്ന വിളക്കെഴുന്നള്ളിപ്പ് നാലാമത്തെ പ്രദക്ഷണത്തിൽ സ്വര്‍ണ്ണക്കോലമെഴുന്നള്ളിച്ചു. കൊമ്പന്‍ വലിയ വിഷ്ണു ശിരസ്സ് നമിച്ച് സ്വര്‍ണ്ണക്കോലം ഏറ്റ് വാങ്ങിയതോടെ ക്ഷേത്രത്തിനകത്തെ പതിനായിരത്തോളം വരുന്ന ദീപങ്ങള്‍ നറുനെയ്യില്‍ പ്രകാശിച്ചു.