നവോദയ ആറാം ക്ലാസ് പ്രവേശന പരീക്ഷ: ഓൺലൈൻ അപേക്ഷ നവംബർ 30നകം
ന്യൂഡൽഹി: ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2022-23 വർഷത്തെ ആറാം ക്ലാസ്സിലേക്കുള്ള സെലക്ഷൻ ടെസ്റ്റ് ഏപ്രിൽ 30ന് ദേശീയതലത്തിൽ നടത്തും. ടെസ്റ്റിൽ പങ്കെടുക്കുന്നവർ അപേക്ഷ ഓൺലൈനായി നവംബർ 30നകം സമർപ്പിക്കണം. മലയാളത്തിലും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകളിലും പരീക്ഷയെഴുതാം.
പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ 2009 മേയ് ഒന്നിന് മുമ്പോ 2013 ഏപ്രിൽ 30ന് ശേഷമോ ജനിച്ചവരാകരുത്. അതത് ജില്ലയിലെ സർക്കാർ/എയ്ഡഡ്/അംഗീകൃത സ്കൂളിൽനിന്നും 2021-22 വർഷം അഞ്ചാം ക്ലാസ് പാസായിരിക്കണം.
ബുദ്ധിപരീക്ഷ, ഗണിതശാസ്ത്രം, ഭാഷാശേഷി എന്നിവയിലായി 80 ചോദ്യങ്ങളാണ് പരീക്ഷയ്ക്കുണ്ടാവുക. ഒബ്ജക്ടിവ് മാതൃകയിലായിരിക്കും പരീക്ഷ. ആകെ 100 മാർക്കിനാണിത്. അപേക്ഷാഫോമും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും http://www.navodaya.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 11.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് പരീക്ഷ.