സിനിമയിൽ അപ്പു, ജീവിതത്തിൽ ആദിത്യൻ; ഒരുത്തീയിലെ ബാലതാരത്തെ കുറിച്ച് നവ്യ നായർ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ്

നവ്യ നായരുടെ തിരിച്ചു വരവ് ചിത്രമാണ് ഒരുത്തീ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മണി എന്ന ശക്തമായ കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സിനിമയിൽ നവ്യയുടെ മകനായി അഭിനയിക്കുന്നത് ആദിത്യൻ എന്ന ബാലതാരമാണ്.

ആദിത്യൻ എന്ന കുന്നംകുളത്തുകാരൻ പയ്യൻ ഒരുത്തീയിൽ എത്തിയ കഥയാണ് നവ്യ നായർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വർഷങ്ങൾക്കു മുമ്പ് ഒരു പത്രവാർത്തയിൽ നിന്നാണ് ആദിത്യനെ കുറിച്ച് അറിയുന്നത്. സ്വന്തം വീട് ജപ്തി ചെയ്യാൻവന്ന ഉദ്യാഗസ്ഥരെ തടഞ്ഞ പത്തു വയസ്സുകാരനെ കുറിച്ചായിരുന്നു ആ വാർത്ത. അച്ഛനും അമ്മയും സ്ഥലത്തില്ലാത്ത സമയത്ത് കേറിവന്ന് വീട് ജപ്തി ചെയ്യുന്ന ഉദ്യോഗസ്ഥരെ തടഞ്ഞ് അലറിക്കരയുന്ന കുട്ടിയെ കുറിച്ചുള്ള വാർത്തയും അതോടൊപ്പമുള്ള ചിത്രങ്ങളും നെഞ്ച് പൊള്ളിക്കുന്നതായിരുന്നു. സ്വന്തം വീട് നഷ്ടപ്പെടുന്നതിൻ്റെ വേദനയ്ക്കിടയിലും ഒരു പക്ഷിക്കുഞ്ഞിനെ അവൻ നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു.

പിന്നീട് ആദിത്യൻ ഒരുത്തീയിൽ തൻ്റെ മകനായി അഭിനയിച്ചു തകർത്തു. വിസ്മയത്തോടെയാണ് അവൻ്റെ അഭിനയം തങ്ങൾ നോക്കി നിന്നതെന്ന് നവ്യ എഴുതുന്നു.

നവ്യ നായരുടെ ഫേസ്ബുക്ക് പോസ്റ്റ് അതേ രൂപത്തിൽ താഴെ:

ഇത് ആദിത്യൻ.

എന്റെ (മണിയുടെ) സ്വന്തം അപ്പു.

ആദിത്യനെ നിങ്ങൾക്കും അറിയാം...

2019 ഒക്ടോബർ 15 ന് ആദിത്യനെക്കുറിച്ച് ഒരു വാർത്ത മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ചു.

കുന്നംകുളത്തിനടുത്ത് ഒരു വീട് ജപ്തി ചെയ്യുന്നു.

അച്ഛനും അമ്മയും സ്ഥലത്തില്ല.

നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ട പോലീസ് സംഘം കോടതി ഉത്തരവു പ്രകാരം വീട് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു... വീട്ടുസാധനങ്ങൾ പുറത്തേക്കിടുന്നു ..

പോലീസ് സംഘഞ്ഞെ പത്തു വയസ്സുള്ള ആദിത്യൻ അലറിക്കരഞ്ഞ് തടയാൻ ശ്രമിക്കുന്നു...

പോലീസ്കാരാവട്ടെ ആദിത്യനെ എടുത്തു മാറ്റി

"നിയമം നടപ്പിലാക്കുന്നു."

ചുറ്റും കൂടിയ മനുഷ്യർ നിസ്സഹായരായി എല്ലാം കണ്ടു നിൽക്കുന്നു.

ഈ സമയത്താണ് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫർ ഫിലിപ്പ് ജേക്കബ് മറ്റൊരു അസൈൻമെന്റ് കഴിഞ്ഞ് ആ വഴി വരുന്നത്.

ആൾകൂട്ടം കണ്ട് വണ്ടി നിർത്തിയ ഫിലിപ്പ് അവിടുത്തെ രംഗങ്ങൾ ക്യാമറയിലാക്കി.

അന്നു വൈകിട്ട് അത് ഒരു വാർത്തയായി.

പോലീസുകാർ പിടിച്ചു മാറ്റുന്ന ആദിത്യന്റെ കൈയ്യിൽ അതുവരെ അവൻ വളർത്തിയ പക്ഷി കുഞ്ഞുങ്ങളിൽ ഒന്നിനെ കരുതലോടെ അടക്കി പിടിച്ചിരിക്കുന്നു.!

സ്വന്തം കൂട് ഇല്ലാതാവുമ്പോഴും ആ പക്ഷിക്കുഞ്ഞിനെ അവൻ വിട്ടുകളയുന്നില്ല!

ഈ ചിത്രവും വാർത്തയും വൈകുന്നേരം ലോകം കണ്ടു.

ഒരുത്തിയുടെ കാസ്റ്റിംഗ് തിരക്കുകളിലായിരുന്ന

തിരക്കഥാകൃത്ത് സുരേഷേട്ടൻ അന്നു വൈകിട്ട് എന്നെ വിളിച്ചു..." മണീ...(ഒരുത്തിയിൽ എന്റെ കഥാപാത്രത്തിന്റെ പേര്) നമ്മുടെ അപ്പൂനെ കിട്ടി "

സുരേഷേട്ടൻ അയച്ച ഫോട്ടോയും വാർത്തയും ഞാൻ നോക്കി.

എന്റെ കണ്ണു നിറഞ്ഞു .

ജീവിതത്തിന്റെ കൊടും ചൂട് തൊട്ടറിഞ്ഞ ഇവനല്ലാതെ എന്റെ അപ്പുവാകാൻ മറ്റാര്..? വി.കെ. പി യും നാസർക്കയും ഒരേ മനസോടെ ആദിത്യനെ അപ്പുവായി സ്വീകരിച്ചു.

ആദിത്യൻ ഒരുത്തിയിലെ എന്റെ മകൻ അപ്പു ആയി.

ക്യാമറക്കു മുമ്പിൽ അവൻ അവന്റെ ജീവിതം ആടി തിമിർക്കുന്നത് ഞങ്ങൾ വിസ്മയത്തോടെ നോക്കി നിന്നു .അവന്റെ ആദ്യ സിനിമയാണ് ഒരുത്തി.

വാടക വീട്ടിലിരുന്ന് അവനും അവന്റെ കുടുംബവും കാണുന്ന നിറമുളള സ്വപ്നമാണ് ഒരുത്തി. ഒപ്പം ഉണ്ടാവണം.

Related Posts