നവ്യനായർ ചിത്രം 'ഒരുത്തീ' ഫസ്റ്റ് ലുക്ക് ഇന്ന് വൈകീട്ട്; പ്രകാശനം ശൈലജ ടീച്ചർ മുതൽ ശാരദക്കുട്ടി വരെ
നീണ്ട ഇടവേളയ്ക്കുശേഷം പ്രശസ്ത അഭിനേത്രി നവ്യനായർ മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് ഒരുത്തീ. തികച്ചും വ്യത്യസ്തവും അതിശക്തവുമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. വി കെ പ്രകാശ് ആണ് ചിത്രത്തിൻ്റെ സംവിധായകൻ. മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിനായകൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് വൈകീട്ട് 5 മണിക്ക് പുറത്തിറക്കും. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ മുതൽ എഴുത്തുകാരി ശാരദക്കുട്ടി വരെ ഒരു നിര സ്ത്രീകളാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്നത്. പി ടി ഉഷ, എസ് സുജാത, അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, ഡോ. എ കെ ജയശ്രീ, കെ ആർ മീര, രാജശ്രീ വാര്യർ, സിതാര കൃഷ്ണകുമാർ, സിന്ധു സൂര്യകുമാർ, മേതിൽ ദേവിക, സാന്ദ്ര തോമസ്, ശോഭന ജോർജ്, ആര്യ രാജേന്ദ്രൻ, പ്രിയ എ എസ്, വിധു വിൻസൻ്റ് തുടങ്ങി രാഷ്ട്രീയം, സംഗീതം, സാഹിത്യം, സംരംഭകത്വം, കല, മാധ്യമം, സിനിമ, കായികം തുടങ്ങി ജീവിതത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ സ്വന്തമായ ഇടം കണ്ടെത്തിയ ആദരണീയരായ മുപ്പത്തിയൊന്ന് സ്ത്രീകളുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെ ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരിലെത്തും.