തനിക്ക് ഒണൊമാറ്റോമാനിയ എന്ന അസുഖമുണ്ടെന്ന് നസറുദ്ദീൻ ഷാ

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് നസറുദ്ദീൻ ഷാ. മൊഹ്റ, സർഫറോഷ്, എ വെൻസ്ഡേ തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടന് കഴിഞ്ഞിട്ടുണ്ട്.

1980-ൽ സ്പർശ് എന്ന ചിത്രത്തിലൂടെയും 1985-ൽ പാർ എന്ന ചിത്രത്തിലൂടെയും രണ്ട് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 2007-ൽ സഹനടനുള്ള ദേശീയ അവാർഡ് നേടി. 1987-ൽ പത്മശ്രീയും 2003-ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു.

ഒരു ചലച്ചിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ഒണൊമാറ്റോമാനിയ എന്ന അസുഖമുണ്ടെന്ന് നസറുദ്ദീൻ ഷാ അഭിപ്രായപ്പെട്ടത്. ഒരു പ്രത്യേക പദത്തിലോ പദസമുച്ചയത്തിലോ ഉറച്ചു പോവുന്ന അവസ്ഥയാണ് ഒണൊമാറ്റോമാനിയ. ഒരു കാരണവുമില്ലാതെ നിങ്ങൾ ഒരു വാക്കോ വാക്യമോ ആവർത്തിച്ചു കൊണ്ടേയിരിക്കുന്ന അവസ്ഥയാണ് ഒണൊമാറ്റോമാനിയ.

ചില വാക്കുകളും വാക്യങ്ങളും ആവർത്തിച്ചു പറയാൻ താൻ ഇഷ്ടപ്പെടുന്നതായി നടൻ പറഞ്ഞു. എല്ലായ്‌പ്പോഴും ഇത് ചെയ്യുകയാണ്. ഇഷ്ടപ്പെട്ട ചില പ്രസംഗങ്ങൾ താൻ ആവർത്തിച്ച് നടത്താറുണ്ട്. ഉറങ്ങുമ്പോൾ പോലും വായിച്ച പുസ്തകങ്ങളിലെ ഇഷ്ട വരികൾ ഉദ്ധരിക്കുന്നു. ഇഷ്ടങ്ങളുടെ പിറകേ സഞ്ചരിക്കുകയാണെന്നും അസുഖം മൂലം മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലെന്നും നടൻ പറഞ്ഞു.

Related Posts