നാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ
തെലുഗ് നടൻ നാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിൻ്റെ പ്രിയപ്പെട്ട അഭിനേത്രി നസ്രിയ. തൻ്റെ നായകന്മാരിൽ ഏറ്റവും രസികനും ഏറ്റവും പ്രിയപ്പെട്ടവനും നാനിയാണെന്ന് നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സിനിമാ ജീവിതത്തിൽ ഉടനീളം തന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളിൽ ഒരാളാണ് നാനി.
നാനി തനിക്ക് ഒരു കുടുംബാംഗം പോലെയാണെന്ന് താരം പറഞ്ഞു. ആഗ്രഹങ്ങൾ മുഴുവൻ സഫലമാകും വിധത്തിൽ ആഹ്ലാദകരമായ വർഷം ആശംസിച്ചു കൊണ്ടാണ് നസ്രിയയുടെ കുറിപ്പ് അവസാനിക്കുന്നത്. മലയാള സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് നാനി. മലയാളത്തിലേക്ക് മൊഴി മാറ്റി എത്തിയ നാനിയുടെ 'ഈച്ച' ഇവിടെ വലിയ വിജയം നേടിയിരുന്നു. ശ്യാം സിംഘ റോയിയുടെ പ്രചാരണത്തിനായി കൊച്ചിയിൽ വന്ന സമയത്ത് ഫഹദ് ഫാസിലും നസ്രിയയുമായി തനിക്കുള്ള അടുത്ത ബന്ധത്തെപ്പറ്റി താരം മനസ്സ് തുറന്നിരുന്നു. ലോക്ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ കണ്ടത് മലയാളം സിനിമകളാണെന്നും നാനി പറഞ്ഞിരുന്നു.
നസ്രിയയും നാനിയും ജോഡികളായി അഭിനയിച്ച 'അൻ്റേ സുന്ദരനിഗി' എന്ന തെലുഗ് ചിത്രം ഈ വർഷം ജൂണിൽ റിലീസ് ചെയ്യുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നസ്രിയയുടെ ആദ്യ തെലുഗ് ചിത്രമാണ് അൻ്റേ സുന്ദരനിഗി.