എൻസിസി കേഡറ്റുകൾ സാമൂഹ്യസേവന രംഗത്തെ മികച്ച മാതൃകകളാകണം : മന്ത്രി ആർ ബിന്ദു
തൃശൂർ: പരിശീലനം ലഭിച്ച എൻസിസി കേഡറ്റുകർ പരേഡും ഡ്രില്ലും ചെയ്ത് ഒതുങ്ങരുതെന്നും അവർ സാമൂഹ്യസേവന രംഗത്ത് നാടിന്റെ മികച്ച മാതൃകകളായി മാറണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ആരോഗ്യത്തിനായി ചുവട് വെച്ചു കൊണ്ട് ആചരിക്കുന്ന 73-ാമത് എൻ സി സി ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന റാലി ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.
കേരള ആന്റ് ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ എറണാകുളം ഗ്രൂപ്പിന് കീഴിലുള്ള തൃശൂർ സെവൻ കേരള ഗേൾസ് ബറ്റാലിയനാണ് "റൺ ഫോർ ഹെൽത്ത്" റാലി സംഘടിപ്പിച്ചത്. തൃശൂർ ശ്രീ കേരളവർമ കോളേജിൽ നിന്ന് ആരംഭിച്ച റാലി തേക്കിൻകാട് മൈതാനത്തിലാണ് എത്തിച്ചേർന്നത്. നൂറോളം എൻ സി സി കേഡറ്റുകളാണ് 'ആരോഗ്യത്തിനായുള്ള കുതിപ്പ് 'എന്ന ആശയവുമായി ശ്രീ കേരള വർമ കോളേജിൽ നിന്ന് റാലിയിൽ പങ്കെടുത്തത്.
കൂടാതെ രാമവർമപുരം ഐഎംഎയിൽ രക്തദാന ചടങ്ങിലും കേഡറ്റുകൾ പങ്കാളികളായി. പരിപാടിയിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ പി കെ സുനിൽകുമാർ, എറണാകുളം ഗ്രൂപ്പ് കമ്മാൻഡർ കമഡോർ ഹരികൃഷ്ണൻ, സെവൻ കേരള ഗേൾസ് ബറ്റാലിയൻ കമ്മാന്റിങ് ഓഫീസർ കേണൽ ജോസഫ് ആന്റണി, വിവിധ ബറ്റാലിയൻ കമ്മാന്റിങ് ഓഫീസർമാർ, എൻ സി സി സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.