സ്‌കൂള്‍ യൂണിഫോം ലിംഗനിഷ്പക്ഷമാക്കാൻ എൻസിഇആർടി നിർദ്ദേശം
ന്യൂഡല്‍ഹി: ആറാം ക്ലാസ് മുതലുള്ള സ്കൂൾ വിദ്യാർത്ഥികളുടെ യൂണിഫോം ലിംഗ നിഷ്പക്ഷമാക്കാൻ എൻസിഇആർടി നിർദ്ദേശം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ സ്കൂൾ ജീവനക്കാർക്ക് നൽകിയ കരട് നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ട്രാൻസ്ജെൻഡർ കുട്ടികൾക്ക് എല്ലാ വസ്ത്രങ്ങളിലും സൗകര്യമായിരിക്കില്ല. അതിനാൽ അവർക്ക് ലിംഗ നിഷ്പക്ഷ യൂണിഫോം തിരഞ്ഞെടുക്കാം. അതത് പ്രദേശങ്ങളിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഒരു ഡിസൈനർ സ്ഥാപനം രൂപകൽപ്പന ചെയ്തതാവണം യൂണിഫോം. ലിംഗഭേദമില്ലാതെ പാന്‍റ്സ്, ഷർട്ട് തുടങ്ങിയ യൂണിഫോമുകൾ എല്ലാത്തരം സ്കൂൾ പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമാണെന്നും നിര്‍ദേശത്തിലുണ്ട്. അധ്യാപകർ ഉൾപ്പെടെയുള്ള സ്കൂൾ ജീവനക്കാരുടെ നിയമനങ്ങളിൽ ലിംഗഭേദമില്ലാതെ ട്രാൻസ്ജെൻഡറുകളെയും നിയമിക്കണം. ലിംഗം അടയാളപ്പെടുത്തുന്നതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴ്സുകൾക്കുമുള്ള അപേക്ഷാ ഫോമുകളിൽ 'ട്രാൻസ്ജെൻഡർ' വിഭാഗം ഉൾപ്പെടുത്തണം. അവർക്ക് പ്രത്യേക സ്കോളർഷിപ്പിന് വ്യവസ്ഥ ചെയ്യണം. ഇവർക്കെതിരായ റാഗിംഗ് തടയാൻ പ്രത്യേക കമ്മറ്റികൾ രൂപീകരിക്കണം. ട്രാൻസ്ജെൻഡർ വ്യക്തികൾ, അധ്യാപകർ, പരിശീലനം ലഭിച്ച സൈക്കോളജിക്കൽ കൗൺസിലർമാർ എന്നിവർ സമിതിയിൽ അംഗങ്ങളാകണമെന്നും കരടില്‍ പറയുന്നു.