നെടുമുടി വേണു അന്തരിച്ചു

മലയാള സിനിമയ്ക്ക് അപ്രതീക്ഷിത ആഘാതമായി നടൻ നെടുമുടി വേണു (73) അന്തരിച്ചു. അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കരൾ സംബന്ധമായ അസുഖത്തിന് രണ്ടു ദിവസമായി ചികിത്സയിലായിരുന്നു.

കാമ്പും കരുത്തുമുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് നെടുമുടി വേണു. തകര, തമ്പ്, ചാമരം, വേനൽ, ഒരിടത്തൊരു ഫയൽവാൻ, ചാട്ട, തേനും വയമ്പും, കള്ളൻ പവിത്രൻ, കോലങ്ങൾ, ചില്ല്, യവനിക, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, പഞ്ചവടിപ്പാലം, ഇരകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, മിഴിനീർ പൂവുകൾ, ഉണ്ണികളേ ഒരു കഥ പറയാം, മാർഗം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളാണ് നെടുമുടി വേണു ശ്രദ്ധേയമാക്കിയത്.

ഹിസ് ഹൈനസ് അബ്ദുള്ളയിലെ അഭിനയത്തിനാണ് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയത്. മാർഗം എന്ന ചിത്രത്തിലൂടെ സ്പെഷ്യൽ ജൂറി പുരസ്കാരം സ്വന്തമാക്കി. വിട പറയും മുമ്പേ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാർഗം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും നേടി.

Related Posts