അച്ഛൻ മരിച്ചപ്പോൾ ഒരു കത്തുവന്നു. സങ്കടപ്പെടേണ്ട, ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും; നെടുമുടി വേണുവിനെ അനുസ്മരിച്ച് മഞ്ജു വാര്യരുടെ ഹൃദയസ്പർശിയായ കുറിപ്പ്

അച്ഛൻ മരിച്ചപ്പോൾ ആശ്വാസം പകർന്നു കൊണ്ട് നെടുമുടി വേണു എഴുതിയ കത്തിനെ അനുസ്മരിച്ച് മലയാളത്തിൻ്റെ പ്രിയ നടി മഞ്ജുവാര്യർ. സങ്കടപ്പെടേണ്ട, ഇവിടെ ഒരച്ഛനും അമ്മയും എന്നുമുണ്ടാകും എന്നാണ് അദ്ദേഹം കത്തിൽ കുറിച്ചത്. അദ്ദേഹത്തിൻ്റെ അച്ഛൻ വേഷങ്ങൾക്ക് എങ്ങനെയാണ് നെഞ്ചിൽ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാനായി താൻ ഇപ്പോഴും ആ കത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ആ അച്ഛനാണ് വിട പറഞ്ഞുപോകുന്നത്.

'ദയ' എന്ന ചിത്രത്തിലാണ് താനും അദ്ദേഹവും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. 'ഉദാഹരണം 

സുജാത'യിലും 'ജാക്ക് ആൻ്റ് ജില്ലി'ലും 'മരയ്ക്കാറി'ലും ഒന്നിച്ചഭിനയിച്ചു. ഒരുമിച്ചഭിനയിച്ച ചിത്രങ്ങൾ കുറവെങ്കിലും എന്നും വിളിപ്പുറത്തുണ്ടായിരുന്നു എന്ന് മഞ്ജു സ്നേഹപൂർവം വേണുവിനെ ഓർത്തെടുക്കുന്നു. 'കൊടുമുടി വേണു' എന്ന് താൻ കളിയാക്കി വിളിക്കുമായിരുന്നു. ജീവിതത്തിലായാലും സിനിമയിലായാലും അത്രയും ഉയരത്തിലായിരുന്നു അദ്ദേഹം. പലതും പഠിപ്പിച്ച, തണലും തണുപ്പും തന്ന ഒരു പർവതം. മനസ്സുകൊണ്ട് എപ്പോഴും പ്രണമിക്കുമായിരുന്നു ആ ഔന്നത്യത്തെ. മരണമില്ലാത്ത ഓർമയായി എന്നും മനസ്സിലുണ്ടാകുമെന്ന അങ്ങേയറ്റം ഹൃദയസ്പർശിയായ വാക്കുകളോടെയാണ് മഞ്ജുവിൻ്റെ അനുശോചന സന്ദേശം അവസാനിക്കുന്നത്.

Related Posts