വിട വേണുവങ്കിൾ, വരാനിരിക്കുന്ന തലമുറയ്‌ക്ക് പാഠപുസ്തകമാണ് ആ കലയും ജീവിതവും: പൃഥ്വിരാജ്

അപ്രതീക്ഷിത വിയോഗത്തിലൂടെ തങ്ങളെ കണ്ണീരിലാഴ്ത്തിയ അഭിനയ കലയുടെ കുലപതിക്ക് പ്രണാമമർപ്പിച്ച് മലയാള സിനിമാ ലോകം. വരാനിരിക്കുന്ന തലമുറ നെടുമുടി വേണുവിൻ്റെ കലയും ജീവിതവും പഠന വിഷയമാക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു. 

എന്തൊരു മഹാനഷ്ടം എന്നാണ് നടി പാർവതിയുടെ വാക്കുകൾ. 'ചാർലി' എന്ന ചിത്രത്തിനു പുറമേ ഇപ്പോൾ പുറത്തിറങ്ങാനിരിക്കുന്ന 'പുഴു' എന്ന ചിത്രത്തിലും ഒന്നിച്ചഭിനയിച്ചു. അഭിനയത്തിൻ്റെ മാസ്റ്റർ ആക്റ്ററും മഹാനായ മനുഷ്യസ്നേഹിയുമായിരുന്നു അദ്ദേഹം.

എൻ്റെ വേണുവേട്ടാ, പോയല്ലോ എന്ന വാക്കുകളോടെ വികാര നിർഭരമായ കുറിപ്പാണ് നടൻ മനോജ് കെ ജയൻ  പങ്കുവെച്ചത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ അഭിനയ പ്രതിഭയാണ് നെടുമുടി വേണു. തനിക്ക് ഗുരുതുല്യനാണ് വേണുവേട്ടൻ. തൻ്റെ അഭിനയ കളരി തന്നെ വേണുവേട്ടനായിരുന്നു എന്ന് നടൻ അനുസ്മരിച്ചു. 

ഒരിക്കലും ഉൾക്കൊള്ളാനാവാത്ത വേർപാട്, വേണുവേട്ടാ പ്രണാമം എന്നാണ് നടൻ ദിലീപിൻ്റെ വാക്കുകൾ. ഈ വേർപാട് ഹൃദയഭേദകമാണെന്ന് നടി അഹാന കൃഷ്ണ പറഞ്ഞു. മൂന്നു ചിത്രങ്ങളിൽ ഒന്നിച്ചഭിനയിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്ന് നടി അനുശ്രീ അനുസ്മരിച്ചു. ആത്മശാന്തി എന്ന ഒറ്റ വാക്കിലാണ് ജയസൂര്യയുടെ അനുശോചന കുറിപ്പ്. എത്ര വേഗമാണ് ഈ വേർപാടെന്ന് നടി നദിയ മൊയ്തു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആദ്യ ചിത്രത്തിൽ തന്നെ ഒന്നിച്ചഭിനയിക്കാൻ കഴിഞ്ഞതിൻ്റെ ഓർമകളാണ് നടൻ നിവിൻ പോളി പങ്കുവെച്ചത്. മലയാളത്തിൻ്റെ പ്രിയ നടന് ആദരാഞ്ജലികൾ നേർന്നുകൊണ്ടുള്ള അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്.

Related Posts