സൂചി വേണ്ടാത്ത വാക്സിൻ സൈക്കോവ് ഡി അടുത്തയാഴ്ച മുതൽ

ലോകത്തിലെ ആദ്യത്തെ ഡിഎൻഎ അധിഷ്ഠിത കൊവിഡ് വാക്സിനായ സൈക്കോവ് ഡി അടുത്തയാഴ്ച മുതൽ രാജ്യത്ത് നൽകിത്തുടങ്ങും. സൂചി വേണ്ട എന്നതാണ് സൈക്കോവ് ഡി യുടെ പ്രത്യേകത. സൂചിക്ക് പകരം ഇൻട്രാഡെർമൽ അപ്ലിക്കേറ്റർ ഉപയോഗിച്ചാണ് വാക്സിൻ ശരീരത്തിൽ എത്തിക്കുന്നത്.
12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും നൽകാനുള്ള അടിയന്തര ഉപയോഗ അനുമതി വാക്സിൻ നേടിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ രാജ്യം നയപരമായ തീരുമാനം കൈക്കൊള്ളാത്ത സാഹചര്യത്തിൽ മുതിർന്നവർക്ക് മാത്രം വാക്സിൻ നൽകാനാണ് സാധ്യത.
മൂന്ന് ഡോസ് വാക്സിനാണ് എടുക്കേണ്ടത്. ഒരു ഡോസിന് 265 രൂപയാണ് കണക്കാക്കുന്നത്. ഇൻട്രാഡെർമൽ അപ്ലിക്കേറ്ററിനുള്ള 93 രൂപ കൂടി കൂട്ടുമ്പോൾ ഒറ്റ ഡോസിന് 358 രൂപ ചെലവ് വരുന്നുണ്ട്. കോവാക്സിന് ശേഷം രാജ്യം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനാണ് സൈക്കോവ് ഡി. രാജ്യവ്യാപകമായി അവതരിപ്പിക്കുന്നതിന് മുമ്പായി ആദ്യ ഡോസ് വാക്സിൻ വിതരണത്തിൽ പിന്നിൽ നിൽക്കുന്ന ഏഴ് സംസ്ഥാനങ്ങളിലാണ് തുടക്കത്തിൽ നൽകുന്നത്. ബിഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് ആദ്യ ഡോസ് നൽകിയതിൽ പിന്നിലുള്ളത്.