നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചു; പിഴുതെടുത്താൽ 3 വര്‍ഷം തടവും പിഴയും
മൂന്നാര്‍: 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇനി സംരക്ഷിത സസ്യം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. നീലക്കുറിഞ്ഞി ചെടികൾ പിഴുതെറിയുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നീലക്കുറിഞ്ഞിയുടെ കൃഷി, കൈവശം വയ്ക്കൽ, വിപണനം എന്നിവയും നിരോധിച്ചിട്ടുണ്ട്. സംരക്ഷിത സസ്യങ്ങളുടെ ഷെഡ്യൂൾ മൂന്നിൽ നീലക്കുറിഞ്ഞിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തം 19 സസ്യങ്ങളുള്ള ഷെഡ്യൂൾ മൂന്നിൽ ഇത് ഒന്നാം സ്ഥാനത്താണ്. കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിൽ സസ്യം വളരുന്നുണ്ടെങ്കിലും ഭൂരിഭാഗവും മൂന്നാർ മേഖലയിലാണ്. നീലക്കുറിഞ്ഞി പൂക്കൾ വിടരുമ്പോൾ സഞ്ചാരികളും വലിയ തോതിൽ എത്തും. ഉണങ്ങിയ പൂക്കളിൽ നിന്ന് മണ്ണിലേക്ക് വീഴുന്ന വിത്തുകളിലൂടെയാണ് അവ നിലനിൽക്കുന്നത്. പൂക്കൾ പറിച്ചെടുത്താൽ വിത്തുകൾ മണ്ണിൽ വീഴില്ല. അതുകൊണ്ടാണ് പൂപറിക്കുന്നത് നിരോധിച്ചിരിക്കുന്നത്. മണ്ണിൽ വീഴുന്ന വിത്തുകൾ അടുത്ത മഴയിൽ മുളയ്ക്കും.