ദേശീയ റെക്കോഡ് തിരുത്തി നീരജ് ചോപ്ര; തിരിച്ചുവരവ് ഗംഭീരമാക്കി താരം
ടോക്യോ ഒളിമ്പിക്‌സ് പിന്നിട്ട് മാസങ്ങള്‍ക്ക് ശേഷമുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ഫിന്‍ലന്‍ഡില്‍ നടക്കുന്ന പാവോ നുര്‍മി ഗെയിംസില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം ജാവലിനില്‍ 89.30 മീറ്റര്‍ ദൂരം കണ്ടെത്തി വെള്ളി മെഡല്‍ സ്വന്തമാക്കി.
ഇതോടൊപ്പം തന്റെ തന്നെ ദേശീയ റെക്കോഡും (88.07) നീരജ് തിരുത്തിയെഴുതി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാട്യാലയില്‍ നടന്ന ഗെയിംസിലാണ് നീരജ് 88.07 മീറ്റര്‍ കണ്ടെത്തി ദേശീയ റെക്കോഡിട്ടത്. പിന്നാലെ ടോക്യോ ഒളിമ്പിക്‌സില്‍ 87.58മീറ്റര്‍ ജാവലിന്‍ പായിച്ച് ഇന്ത്യയ്ക്കായി അത്‌ലറ്റിക്‌സില്‍ ആദ്യ ഒളിമ്പിക് സ്വര്‍ണ മെഡലെന്ന നേട്ടവും താരം സ്വന്തമാക്കി.
ടോക്യോ ഒളിമ്പിക്‌സ് അവസാനിച്ച് 10 മാസത്തിനു ശേഷമാണ് 24-കാരനായ താരം കളത്തിലേക്ക് തിരിച്ചുവരുന്നത്. 89.83 ദൂരം കണ്ടെത്തിയ ഫിന്‍ലന്‍ഡ് താരം ഒലിവര്‍ ഹെലന്‍ഡറാണ് പാവോ നുര്‍മി ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.