ദേശീയ ഗെയിംസില്‍ നിന്ന് നീരജ് ചോപ്ര പിന്മാറി
ന്യൂഡല്‍ഹി: 36-ാമത് ദേശീയ ഗെയിംസിൽ നിന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് നീരജ് ചോപ്ര പിൻമാറി. ഒരു ഇടവേള എടുക്കാനാണ് അദ്ദേഹം ദേശീയ ഗെയിംസിൽ നിന്ന് വിട്ടുനിൽക്കുന്നത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെയാണ് ദേശീയ ഗെയിംസ് നടക്കുക. ഗുജറാത്ത് ഈ വർഷം ഗെയിംസിന് ആതിഥേയത്വം വഹിക്കും. 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. അടുത്തിടെ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ഇന്ത്യയിലെ എല്ലാ മുൻനിര അത്ലറ്റുകളും ദേശീയ ഗെയിംസിൽ പങ്കെടുക്കണമെന്ന് നിർബന്ധമാക്കിയിരുന്നു. നീരജ് ഈ സീസണിൽ മികച്ച ഫോമിലാണ്. ജാവലിൻ ത്രോയിൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീരജ് ഡയമണ്ട് ലീഗിൽ സ്വർണ്ണ മെഡൽ നേടി ചരിത്രം സൃഷ്ടിച്ചു. നിരവധി മത്സരങ്ങളിൽ പങ്കെടുത്തതിനാൽ തന്‍റെ ശരീരത്തിന് വിശ്രമം ആവശ്യമാണെന്ന് നീരജ് പറഞ്ഞു. 'ഷെഡ്യൂള്‍ പ്രകാരം ഡയമണ്ട് ലീഗാണ് ഈ വര്‍ഷത്തെ എന്റെ അവസാന മത്സരം. ദേശീയ ഗെയിംസിന്റെ തീയ്യതികള്‍ ഈയിടെയാണ് പ്രഖ്യാപിച്ചത്. പരിശീലകന്‍ ഡോ.ക്ലോസ് ബര്‍ട്ടോണിറ്റ്‌സ് എന്നോട് വിശ്രമമെടുക്കാന്‍ ആവശ്യപ്പെട്ടു. അടുത്ത സീസണില്‍ ഏഷ്യന്‍ ഗെയിംസും ലോകചാമ്പ്യന്‍ഷിപ്പും വരുന്നുണ്ട്. അതിനായി തയ്യാറെടുക്കണം. അതുകൊണ്ട് ദേശീയ ഗെയിംസില്‍ പങ്കെടുക്കുന്നില്ല'- നീരജ് ചോപ്ര പറഞ്ഞു.