തൃശ്ശൂരിൽ നെഹ്റു യുവ കേന്ദ്ര പ്രസംഗമത്സരം സംഘടിപ്പിച്ചു
തൃശ്ശൂർ : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് 'പാട്രിയോട്ടിസം ആൻഡ് നേഷൻ ബിൽഡിങ്' എന്ന വിഷയത്തിൽ നെഹ്റു യുവ കേന്ദ്ര പ്രസംഗമത്സരം സംഘടിപ്പിച്ചു. അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാളിൽ നടന്ന മത്സരത്തിൽ ബ്ലോക്ക് തലത്തിൽ നടത്തിയ മത്സരങ്ങളിലെ വിജയിച്ചവർ പങ്കെടുത്തു. മത്സരത്തിൽ സെന്റ് തോമസ് കോളേജ് വിദ്യാർഥി വിഷ്ണു ഉണ്ണികൃഷ്ണൻ ഒന്നാം സ്ഥാനം നേടി.
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് വിദ്യാർത്ഥിനി അഞ്ജലീന ബിജു, പുതുക്കാട് പ്രജ്യോതി നികേതൻ കോളേജ് വിദ്യാർഥിനി അന്ന തെരേസ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രശസ്തിപത്രങ്ങൾക്കൊപ്പം ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 2000 രൂപയും മൂന്നാം സമ്മാനം 1000 രൂപയും വിജയികൾക്ക് സമ്മാനിച്ചു.
ഒന്നാം സമ്മാനം നേടിയ വിഷ്ണു ഉണ്ണികൃഷ്ണൻ സംസ്ഥാന തല പ്രസംഗ മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി. നെഹ്‌റു യുവകേന്ദ്ര എ പി എ, നന്ദകുമാർ ഒ, ജില്ലാ യൂത്ത് ഓഫീസർ സി ബിൻസി, റിലേഷൻഷിപ് ഫൗണ്ടേഷൻ ഡയറക്ടർ സതീഷ്, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ ഡോ. ബിനു ടി വി, അഡ്വ എം പി ജോർജ്, കെ സുജാത, അമൽ വി കെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.