നെൻമണിക്കര ഗ്രാമപഞ്ചായത്തിൽ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായി
18 വയസ് പൂർത്തീകരിച്ച മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി നെന്മണിക്കര ഗ്രാമപഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ഏറെ പ്രാധാന്യമർഹിക്കുന്ന വാക്സിനേഷൻ്റെ ഒരു ഘട്ടമാണ് പഞ്ചായത്ത് വിജയകരമായി പൂർത്തിയാക്കിയത്. 15 വാർഡുകളിലായി 32,000 ആളുകളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 18 വയസ് പൂർത്തിയാക്കിയ 25,000 പേർക്ക് ഓണത്തിന് മുൻപ് തന്നെ ആദ്യഘട്ട വാക്‌സിൻ നൽകിയിരുന്നു. 13,000 സ്ത്രീകളും 12,000 പുരുഷന്മാരുമാണ് ഒരു ഡോസ് വാക്‌സിൻ എടുത്തത്. ഇതിൽ 95% പേരും കോവിഷീൽഡും 5% പേര് കോവാക്‌സിൻ ഡോസുമാണ് എടുത്തത്. കൂടാതെ പഞ്ചായത്തിലെ 40 ശതമാനം പേരും വാക്‌സിൻ രണ്ടാം ഡോസും എടുത്തു.
ആദ്യഘട്ടത്തിൽ 80 വയസിന് മുകളിലുള്ളവർക്കാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്. പിന്നീട് 60 വയസിന് മുകളിലുള്ളവർക്കും തുടർന്ന് 45 വയസിന് മുകളിലുള്ളവർ, അവസാനം 18 വയസിന് മുകളിലുള്ളവർക്കും വാക്സിൻ നൽകി. പഞ്ചായത്തിലെ തണൽ കേന്ദ്രത്തിൽ ഒരു ദിവസം 1600 പേർക്ക് വരെ വാക്‌സിൻ നൽകിയിട്ടുണ്ട്. മറ്റ് ദിവസങ്ങളിൽ 1500 പേർക്കും ഇതേ കേന്ദ്രത്തിൽ വെച്ച് ആദ്യ ഡോസ് നൽകി. 300ൽ താഴെ ആളുകളുള്ള ദിവസങ്ങളിൽ നെന്മണിക്കര ആരോഗ്യ കേന്ദ്രത്തിലും വാക്‌സിനേഷൻ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച് 3 മാസം തികയാത്തതും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്‌സിൻ എടുക്കാൻ കഴിയാത്തവരുമായി വളരെ ചെറിയ ശതമാനം ആളുകളാണ് ഇനി വാക്‌സിൻ എടുക്കാനായി അവശേഷിക്കുന്നത്.
ഇതിന് പുറമെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വാക്‌സിൻ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. 1500 ഓളം പേരാണ് ഇതര സംസ്ഥാന തൊഴിലാളികളായി പഞ്ചായത്തിലുള്ളത്. ആരോഗ്യപ്രവർത്തകരും പഞ്ചായത്ത് ജീവനക്കാരും ഒരുപോലെ കൈകോർത്തപ്പോൾ 15 വാർഡുകളിലും ക്യാമ്പയിൻ വിജയിച്ചു. കോവിഡ് രോഗികളുടെ എണ്ണം 100ന് താഴെ നിർത്താൻ ഗ്രാമപഞ്ചായത്തിനെ സഹായിച്ചതും ഈ ഒത്തൊരുമയാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ബൈജു പറഞ്ഞു. ആരോഗ്യപ്രവർത്തകർ, റാപിഡ് റെസ്പോൺസ് ടീം അംഗങ്ങൾ, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ എന്നിവർ അടങ്ങുന്ന ഒരു ടീം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ സമയം മുതൽ പ്രവർത്തിക്കുന്നുണ്ട്. പി എച്ച് സി മെഡിക്കൽ ഓഫീസർ, മറ്റ് ഡോക്ടർമാർ, ഹോമിയോ വകുപ്പ്, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ പ്രവർത്തകർ, വളണ്ടിയേഴ്സ് എന്നിവരുടെ പ്രവർത്തനവും പ്രശംസനീയമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.