അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന ശേഷം കനാലിൽ മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ മൃതദേഹം കത്തിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പൊലീസ്.
നവജാത ശിശുവിന്റെ മരണം; ആദ്യ പദ്ധതിപാളി; പൊലീസ് തെളിവെടുപ്പു നടത്തി
തൃശ്ശൂർ : അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന ശേഷം കനാലിൽ മൃതദേഹം ഉപേക്ഷിച്ച കേസിൽ പ്രതിയെ ഇന്ന് രാവിലെ 11 മണിയോടെയാണ് പൊലീസ് വീട്ടിൽ എത്തിച്ച് തെളിവെടുപ്പു നടത്തിയത്. പ്രസവം നടന്ന മുറിയും കുഞ്ഞിനെ മുക്കി കൊന്ന ബക്കറ്റും മേഘ പൊലീസിനെ കാണിച്ചു.
ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന കുഞ്ഞിന്റെ മൃതദേഹം അമ്മ മേഘ കവറിലാക്കി കാമുകൻ ഇമ്മാനുവലിന് നൽകി. മൃതദേഹം കത്തിക്കാനാണ് ആദ്യം പദ്ധതിയിട്ടത്. ഇതിനായി ഇമ്മാനുവലും സുഹൃത്തും ചേർന്ന് മുണ്ടൂരിലെ പമ്പിൽ നിന്നും ഡീസൽ വാങ്ങി. എന്നാൽ കത്തിക്കാൻ പറ്റിയ സാഹചര്യം ലഭിച്ചില്ല. അതിനാൽ പാടത്ത് കുഴിച്ച് മൂടാൻ ശ്രമിച്ചു. എന്നാൽ ആളുകൾ ഉണ്ടായിരുന്നതിനാൽ അതും നടന്നില്ല. തുടർന്നാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. കുഞ്ഞിനെ പൊതിഞ്ഞു ഇമ്മാനുവലിന് കൈമാറിയ ബാഗും കത്തിക്കാൻ വാങ്ങിയ ഡീസലും പൊലീസ് കണ്ടെടുത്തു. വെള്ളത്തിൽ മുക്കിയതും തലയിൽ ഉണ്ടായ ക്ഷതവുമാണ് മരണ കാരണം എന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎൻഎ പൊലീസ് ശേഖരിച്ചിട്ടുണ്ട്.