ഇന്ത്യയുടെ യുപിഐ പ്ലാറ്റ്‌ഫോം വിന്യസിക്കുന്ന ആദ്യ രാജ്യമായി നേപ്പാൾ

ഇന്ത്യയുടെ യൂണിഫൈഡ് പേമെൻ്റ്സ് ഇൻ്റർഫേസ് (യുപിഐ) സംവിധാനം സ്വീകരിക്കുന്ന ആദ്യ രാജ്യമായി നേപ്പാൾ. നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ) അറിയിച്ചതാണ് ഇക്കാര്യം.

ഇന്ത്യയുടെ യുപിഐ സംവിധാനം അയൽ രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് എൻപിസിഐ അവകാശപ്പെട്ടു.

നേപ്പാളിൽ സേവനങ്ങൾ നൽകുന്നതിനായി എൻപിസിഐ യുടെ അന്താരാഷ്‌ട്ര വിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേമെന്റ് ലിമിറ്റഡ് (എൻഐപിഎൽ) ഗേറ്റ്‌വേ പേമെന്റ് സർവീസും (ജിപിഎസ്) മാനം ഇൻഫോടെക്കുമായി കൈകോർത്തു. നേപ്പാളിലെ അംഗീകൃത പേമെന്റ് സിസ്റ്റം ഓപ്പറേറ്ററാണ് ജിപിഎസ്. നേപ്പാളിൽ യുപിഐ വിന്യസിക്കുന്നത് മാനം ഇൻഫോടെക് ആണ്.

2021-ൽ 940 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള 3,900 കോടി സാമ്പത്തിക ഇടപാടുകളാണ് ഇന്ത്യയിൽ യുപിഐ പ്രാപ്തമാക്കിയത്. ഇത് രാജ്യത്തിൻ്റെ ജിഡിപി യുടെ ഏകദേശം 31 ശതമാനത്തിന് തുല്യമാണ്.

നേപ്പാളിലെ ജനസംഖ്യ ഏകദേശം 30 ദശലക്ഷമാണ്. ഇതിൽ ഏകദേശം 45 ശതമാനം പേരും ബാങ്കിങ്ങ് ഇടപാടുകൾ നടത്തുന്നവരാണ്. നേപ്പാളി ജനസംഖ്യയുടെ 65 ശതമാനവും സ്‌മാർട് ഫോണുകൾ ഉപയോഗിക്കുന്നവരാണ്.

Related Posts