ആകാശ ദുരന്തം; എയര്‍ ഇന്ത്യയ്ക്കെതിരെ നടപടിയുമായി നേപ്പാള്‍

കാഠ്മണ്ഡു: തലനാരിഴക്ക് വൻ ദുരന്തം ഒഴിവായതിനെ തുടർന്ന് എയർ ഇന്ത്യയുടെ പൈലറ്റുമാർക്കെതിരെ നടപടി സ്വീകരിക്കാൻ നേപ്പാൾ. മാർച്ച് 24 നാണ് എയർ ഇന്ത്യ പൈലറ്റുമാരുടെ അശ്രദ്ധ മൂലം നേപ്പാളിന്‍റെ ആകാശത്ത് വൻ ദുരന്ത സാഹചര്യമുണ്ടായത്. 19,000 അടി ഉയരത്തിൽ പറന്ന വിമാനം പെട്ടെന്ന് 3,700 അടിയായി താഴ്ത്തുകയായിരുന്നു. നേപ്പാളിലെ സിമാറ വിമാനത്താവളത്തിന്‍റെ വ്യോമ മേഖലയിലായിരുന്നു സംഭവം. നേപ്പാൾ എയർലൈൻസിന് വേണ്ടി എയർ ഇന്ത്യ വിമാനത്തോട് 19,000 അടി ഉയരത്തിൽ പറക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ നീക്കം ചെയ്തു. ഇതേതുടർന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി എയർ ഇന്ത്യയുടെ പൈലറ്റുമാർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. നിരോധനവുമായി ബന്ധപ്പെട്ട് ഡിജിസിഎയ്ക്ക് നോട്ടീസ് നൽകിയതായി നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അപകട സാഹചര്യത്തെക്കുറിച്ച് ഇന്ത്യൻ കമ്മീഷനെയും അറിയിച്ചിട്ടുണ്ട്. കാഠ്മണ്ഡുവിൽ ഇറങ്ങിയ ശേഷം നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു.  എയർ ഇന്ത്യയുടെ പൈലറ്റ് ഇൻ കമാൻഡ് സിവിൽ ഏവിയേഷൻ അതോറിറ്റിയോട് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് റിപ്പോർട്ട്. എയർ ഇന്ത്യയുടെ പൈലറ്റുമാർക്ക് നേപ്പാൾ ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്. 

Related Posts