ഐഎസ്ആർഒയ്ക്ക് പുതിയ നേട്ടം; കാലഹരണപ്പെട്ട ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി
ബെംഗളൂരു: 2011 ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണ വിധേയമായി തിരിച്ചിറക്കി. വളരെ വെല്ലുവിളി നിറഞ്ഞ ഒരു ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയത്. 2011 ഒക്ടോബർ 12ന് വിക്ഷേപിച്ച മേഘ ട്രോപിക്സ് -1 എന്ന കാലാവസ്ഥാ പഠന ഉപഗ്രഹമാണ് ചൊവ്വാഴ്ച വൈകുന്നേരം പസഫിക് സമുദ്രത്തിലെ നിശ്ചിത പ്രദേശത്ത് പതിച്ചത്. തെക്കേ അമേരിക്കയിൽ പെറുവിന്‍റെ തലസ്ഥാനമായ ലിമയിൽ നിന്ന് ഏകദേശം 3,800 കിലോമീറ്റർ അകലെയാണിത്. കാലഹരണപ്പെട്ട ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം അവശേഷിച്ചിരുന്നു. നിരവധി തവണ ഭൂമിയെ ചുറ്റി ഇന്ധനത്തിൻ്റെ അളവ് കുറച്ച ശേഷമാണ് തിരിച്ചിറക്കിയത്.