അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം
അട്ടപ്പാടി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ഷോളയൂർ ഊട്ടുകുഴിയിൽ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. അട്ടപ്പാടിയിൽ ഈ വർഷം മരിക്കുന്ന ആറാമത്തെ നവജാത ശിശുവാണിത്. ഇന്നലെ രാത്രി 10 മണിയോടെ തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. എന്നാൽ രാത്രി 11 മണിയോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന് ഭാരക്കുറവ് ഉണ്ടായിരുന്നതായാണ് വിവരം. ഇതാണോ മരണകാരണം എന്നതിൽ വ്യക്തത വന്നിട്ടില്ല. അട്ടപ്പാടിയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന പത്താമത്തെ ശിശുമരണമാണിത്. ഷിജുവിന്‍റെയും സുമതിയുടെയും മകളാണ് ജൂണിൽ അവസാനമായി മരിച്ചത്. പ്രസവിച്ചയുടൻ കുഞ്ഞ് മരിച്ചു. കഴിഞ്ഞ വർഷം നിരവധി ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി നേരിട്ട് അട്ടപ്പാടി സന്ദർശിച്ച് സ്ഥിതിഗതികൾ ആരാഞ്ഞിരുന്നു. അട്ടപ്പാടി ട്രൈബൽ ഹെൽത്ത് ഹോസ്പിറ്റലിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയെങ്കിലും ശിശുമരണങ്ങൾ തുടരുകയാണ്.